കൊല്ലം | കൊല്ലം മൈനാഗപ്പള്ളിയില്‍ ബൈക്ക് യാത്രക്കാരിയായ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. ഗുരുതരമായി പരുക്കേറ്റ സ്ത്രി മരിച്ചു.
മൈനാഗപ്പള്ളി സ്വദേശി കുഞ്ഞുമോള്‍ (45) ആണ് മരിച്ചത്. സഹയാത്രികയായ ഫൗസിയക്ക് പരുക്കേറ്റു. ഞായറാഴ്ച വൈകീട്ട് 5.50ഓടെയാണ് അപകടം. സംഭവത്തിന് ശേഷം കാർ ഓടിച്ച അജ്മല്‍ എന്നയാള്‍ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന ഒരു വനിതാ ഡോക്ടറും പോലീസ് കസ്റ്റഡിയിലുണ്ട്.
അമിതവേഗത്തില്‍ എത്തിയ കാർ ബൈക്കിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് ആളുകള്‍ കൂടിയതോടെ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി യുവാവ് കാർ ഓടിച്ചുപോകുകയായിരുന്നു. ആളുകള്‍ പിറകില്‍ ഓടി കാർ നിർത്താൻ ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ തയ്യാറായില്ല.
തുടർന്ന് മറ്റു വാഹനങ്ങളിലും, മതിലിലും കാർ ഇടിച്ചതായി പറയപ്പെടുന്നു. കരുനാഗപ്പള്ളി ഭാഗത്തേക്ക് ഓടിച്ചു പോയ കാർ ഹൈസ്കൂള്‍ ജംഗ്ഷൻ സമീപം വെച്ച് കരുനാഗപ്പള്ളി പോലീസ് തടയുകയായിരുന്നു. ഇതിനിടെ കാറില്‍ ഉണ്ടായിരുന്ന ഡ്രൈവർ അജ്മല്‍ രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ അജ്മല്‍ പിടിയിൽ ആയി
Post a Comment