തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഏഴുദിവസം പരക്കെ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍.
വിവിധ ജില്ലകളിലായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ (ചൊവ്വാഴ്ച) കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ കേന്ദ്രം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ഇന്നും ചൊവ്വാഴ്ചയും ചില ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം, പശ്ചിമ രാജസ്ഥാൻ, കച്ച് മേഖലയില്‍ നിന്ന് കാലവർഷം പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സാധാരണയില്‍ നിന്ന് ആറുദിവസം വൈകിയാണ് ഇത്തവണ പിൻവാങ്ങല്‍ തുടങ്ങിയത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് മേഖലയില്‍ നിന്ന് കാലവർഷം പിൻവാങ്ങാൻ സാധ്യത ഉണ്ട്.
മധ്യ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലുള്ള ചക്രവാതച്ചുഴി മണിക്കൂറുകള്‍ക്കുള്ളില്‍ മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമർദമായി ശക്തിപ്രാപിക്കാനാണ് സാധ്യത കൂടുതല്‍. ഇതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ഉയരുന്നത്.
Post a Comment