കുമരകത്ത് കാർ ആറ്റിൽ വീണ് 2 പേർക്ക് ദാരുണാന്ത്യം; ഇരുവരെയും പുറത്തെടുത്തത് കാറിന്റെ ചില്ലുപൊട്ടിച്ച്



കോട്ടയം: കുമരകത്ത് കാർ ആറ്റിൽ വീണ് രണ്ടുപേർ മരിച്ചു. തിങ്കളാഴ്ച രാത്രി 8.45 ഓടെ ആർപ്പുക്കര കൈപ്പുഴമുട്ടിലാണ് സംഭവം നടന്നത്. കാറിൻറെ ഉള്ളിൽ നിന്നും നിലവിളി ശബ്ദം കേട്ട് ജനങ്ങൾ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങിത്താണിരുന്നു. രക്ഷാപ്രവർത്തനത്തിൽ കാർ കണ്ടെത്തി കരയ്ക്കെത്തിക്കുകയും കാറിന്റെ ചില്ലുപൊട്ടിച്ച് ഇരുവരെയും പുറത്തെടുക്കുകയുമായിരുന്നു. മരണപ്പെട്ടത് മഹാരാഷ്ട്രാ താനെ സ്വദേശികളാണെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻറെ ഇടതുവശത്തെ സർവീസ് റോഡ് വഴി നേരെ ആറ്റിൽ വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചെളി നിറഞ്ഞ നിലയിലാണ് കാർ കണ്ടെത്തിയത്. സായലി രാജേന്ദ്ര സർജേ എന്ന 27 കാരിയുടെ ആധാർകാർഡും കാറിൽ നിന്നും ലഭിച്ചു. വാടകയ്ക്കെടുത്ത കാറാണ് അപകടത്തിൽപ്പെട്ടതെന്നും ​ഗൂ​ഗിൾ മാപ്പ് നോക്കിയെത്തി അപകടത്തിൽപ്പെട്ടതാവാമെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post