കരുവഞ്ചാല്‍: മലയോര ഹൈവേയില്‍ നടുവിലിനും കരുവഞ്ചാലിനും ഇടയിലുള്ള താവുകുന്നിലെ ഹെയർപിൻ വളവില്‍ അപകടങ്ങള്‍ തുടർക്കഥയാകുന്നു.
അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭാര വാഹനങ്ങളും, മറ്റു വാഹനങ്ങളും ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കയാണ്.
ഇന്നലെ രാവിലെ ഭാരം കയറ്റിയ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് പതിക്കുന്നത് ഡ്രൈവറുടെ സമയോചിതമായ ഇടപടലിലൂടെ ഒഴിവായി. റോഡരികിലെ ഇരുമ്ബു വേലിയില്‍ തട്ടി ലോറി നില്‍ക്കുകയായിരുന്നു. റോഡ് നിർമാണത്തിലെ അശാസ്ത്രീയയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരം കാണാൻ ഇതുവരെ തയാറായിട്ടില്ല.
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ചാണോക്കുണ്ട് റോഡിലെ ഉറുട്ടേരി വളവില്‍ അപകടം നിത്യസംഭവമായി. ഇവിടെ ദിവസവും രണ്ടും മൂന്നും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷ, കാർ തുടങ്ങിയ ചെറിയ വാഹനങ്ങളുമാണ് ഏറെയും അപകടപ്പെടുന്നത്. കഴിഞ്ഞ രാത്രിയില്‍ ആലക്കോട് നിന്നും ചപ്പാരപ്പടവ് ഭാഗത്തേക്കു വരികയായിരുന്ന കൂവേരിയിലെ വിവേക് ബാലഗോപാല(44) ന്‍റെ സ്കൂട്ടർ ഇവിടെ ഓവുചാലിലേക്ക് മറിഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവിടെ റോഡ് പുനർനിർമിച്ച സമയത്തുതന്നെ റോഡിന്‍റെ അശാസ്ത്രീയത നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥർ ഇത് അവഗണിക്കുകയാണുണ്ടായത്. അപകടങ്ങള്‍ തുടർക്കഥയായപ്പോള്‍ ഉദ്യോഗസ്ഥർക്ക് ഇത് ബോധ്യമായെങ്കിലും നാളിതുവരെയായിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. ഇവിടെ വലിയ വളവും കയറ്റവും കൂടി ആയിട്ടും റോഡില്‍ അപകടസൂചന ബോർഡുകളോ രാത്രിയില്‍ അപകടം കുറയ്ക്കുന്നതിന് സ്ട്രീറ്റ് ലൈറ്റുകളോ സ്ഥാപിച്ചിട്ടില്ല.
റോഡിന്‍റെ അലൈൻമെന്‍റ് ശരിയല്ലാത്തതാണ് അപകടങ്ങള്‍ തുടർക്കഥയാകാൻ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. കൂടാതെ ഇവിടെനിന്നും ഒടുവള്ളി പിഎച്ച്‌സിയിലേക്ക് പോകുന്ന റോഡും ഒരേ ലെവലില്‍ തന്നെയാണ്. സാധാരണഗതിയില്‍ റോഡിന്‍റെ പുറംവശം ചെറിയ തോതിലെങ്കിലും ചെരിച്ച് നിർമിക്കുന്നതിനാല്‍ വാഹനാപകടങ്ങള്‍ കുറവാണ്.
എന്നാല്‍ ഇവിടെ അത്തരത്തിലല്ല റോഡ് നിർമിച്ചിരിക്കുന്നത്. അതിനാല്‍ ഒടുവള്ളി പിഎച്ച്‌സി റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തെന്നി മാറി സമീപത്തെ ഓവുചാലിലേക്ക് മറിയുന്നത് സ്ഥിരം സംഭവമാണ്. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ ഇവിടെ സ്ഥിരം അപകടങ്ങളില്‍ പെടുമ്ബോള്‍ പ്രദേശവാസികളുടെ ഉറക്കം കെടുകയാണ്. ഇനിയെങ്കിലും റോഡ് നിർമാണത്തിലെ പിഴവ് പരിഹരിക്കുകയും ഇവിടെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനും ബന്ധപ്പെട്ടവർ സത്വര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ഒന്നാകെ ആവശ്യപ്പെടുന്നത്.
Post a Comment