മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടൻ്റ് മരിച്ചത് ജോലി സമ്മര്‍ദ്ദം മൂലം, മകള്‍ക്ക് നീതി കിട്ടണമെന്ന് അമ്മയുടെ കത്ത്

കൊച്ചി: അന്തരിച്ച മലയാളി ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് അമ്മ. ചാർട്ടേഡ് അക്കൗണ്ടിങ്ങ് മേഖലയിലെ കമ്ബനിയായ ഇവൈ-യില്‍ ജോലി ചെയ്തിരുന്ന അന്ന സെബാസ്റ്റ്യൻ്റെ മരണത്തിനെതിരെയാണ് അമ്മ അനിത രംഗത്തെത്തിയത്.
ജോലി ഭാരവും, മണിക്കൂറുകളോളം ജോലിയില്‍ തുടരുന്നതും വഴി തൻ്റെ മകള്‍ക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും അനിത കമ്ബനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമാനിക്കെഴുതിയ കത്തില്‍ പറയുന്നു. 2024 മാർച്ച്‌ 19-നാണ് അന്ന ഇ വൈയില്‍ എക്സിക്യുട്ടീവായി ചേർന്നത്. രാത്രി വൈകിയും മാനേജർമാർ ജോലികള്‍ നല്‍കിയിരുന്നെന്നും കൃത്യമായ ഭക്ഷണം, ഉറക്കം എന്നിവ അന്നയ്ക്ക് ലഭിക്കുന്നില്ലായിരുന്നുവെന്നും വിവിധ റിപ്പോർട്ടുകളെ ഉദ്ധരിച്ച്‌ അറിയാൻ സാധിച്ചത് .
ജൂലൈ 20-നാണ് അന്ന കുഴഞ്ഞു വീണുവെന്ന വാർത്ത തനിക്ക് ലഭിക്കുന്നത് . മകള്‍ക്ക് വെറും 26 വയസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളു എന്നും അനിത തൻ്റെ കത്തില്‍ പറയുന്നു. പുതിയീ ടീമില്‍ (EY) ജോലി ആരംഭിച്ചതിന് പിന്നാലെ കമ്ബനിയില്‍ നിന്നും നിരവധി പേർ ജോലി സമ്മർദ്ദം മൂലം രാജിവെച്ചത് അന്ന മനസ്സിലാക്കിയിരുന്നു. എന്നാല്‍ അന്ന ജോലിയില്‍ തുടരണമെന്നും കമ്ബനിയെ കുറിച്ചും ജോലിയെക്കുറിച്ചുമുള്ള മോശം അഭിപ്രായങ്ങള്‍ മാറ്റി കൊടുക്കണമെന്നും അവളുടെ മാനേജർമാർ പറഞ്ഞിരുന്നതായി അനിത പറയുന്നു. എന്നാല്‍ അതിന് പകരം അവള്‍ക്ക് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതമായിരുന്നു-കത്തില്‍ പറയുന്നു
അവധി ദിവസങ്ങള്‍, വീക്കെൻഡുകള്‍ തുടങ്ങി എല്ലാ ദിവസവും ജോലി നല്‍കുകയാണ് മാനേജർമാരുടെ പതിവ്. ഒരു ദിവസം അന്നയുടെ ടീമിലെ അസിസ്റ്റൻ്റ് മാനേജർ അർധരാത്രി വിളിച്ച്‌ പിറ്റേന്ന് കൊടുക്കേണ്ട അസൈൻ്മെൻ്റ് നല്‍കി, തനിക്ക് അല്‍പ്പം റെസ്റ്റ് വേണമെന്ന് പറഞ്ഞെങ്കിലും രാത്രിയിലും ജോലി ചെയ്യണമെന്നും ഞങ്ങളും ചെയ്യുന്നത് അത് തന്നെയാണെന്നും അയാള്‍ അന്നയോട് പറഞ്ഞതായി കത്തില്‍ പറയുന്നു.
മാത്രമല്ല അന്നയുടെ ശവസംസ്കാര ചടങ്ങുകള്‍ക്ക് ഇവൈയില്‍ നിന്നും ആരും തന്നെ എത്തിയില്ലെന്നും ഒരാള്‍ പോലും വിവരം വിളിച്ച്‌ പോലും ചോദിച്ചില്ലെന്നും കത്തില്‍ ആരോപണമുണ്ട്. അന്നയുടെ മരണത്തിൻ്റെ ഉത്തരവാദിത്തം കമ്ബനി ഏറ്റെടുക്കണെന്നും ഇത്തരത്തിലും ജോലി സമ്മർദ്ദങ്ങള്‍ തുടക്കകാരില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടപടി വേണമെന്നും അനിത തൻ്റെ കത്തില്‍ ആവശ്യപ്പെടുന്നു. തൻ്റെ കുഞ്ഞ് നഷ്ടപ്പെടുന്ന അമ്മയുടെ വേദന ആർക്കെങ്കിലും മനസ്സിലാവുമോ എന്ന് പറഞ്ഞാണ് അനിത തൻ്റെ കത്ത് അവസാനിപ്പിക്കുന്നത്.

Post a Comment

Previous Post Next Post