സൂപ്പറാകാൻ കണ്ണൂര്‍, അഭിമാനമായി കെല്‍ട്രോണ്‍; രാജ്യത്തെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉത്പാദനകേന്ദ്രം സജ്ജം

കണ്ണൂർ: രാജ്യത്തെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം കണ്ണൂർ കെല്‍ട്രോണില്‍ സജ്ജമായി. 42 കോടി രൂപ ചെലവുവരുന്ന പദ്ധതിയില്‍ 18 കോടി രൂപയുടെ ആദ്യഘട്ടമാണ് പൂർത്തിയായത്.


പരീക്ഷണാടിസ്ഥാനത്തില്‍ നിർമിച്ച സൂപ്പർ കപ്പാസിറ്ററുകള്‍ വിപണിയില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്സ്. ഇതോടെ ലോകനിലവാരമുള്ള ഇലക്‌ട്രോണിക്സ് ഘടകങ്ങളുടെ ഉത്പാദകരായി കെല്‍ട്രോണ്‍ മാറി.
സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ.) സാങ്കേതികസഹായത്തോടെയാണ് പദ്ധതി തുടങ്ങുന്നത്. ഐ.എസ്.ആർ.ഒ.യെ കൂടാതെ സി-മെറ്റ്, പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ.) എന്നിവയുമായി കെല്‍ട്രോണ്‍ വർഷങ്ങളായി സഹകരിച്ചുവരികയാണ്.
നാലുകോടി രൂപ ചെലവില്‍ നിർമിച്ച ഡ്രൈ റൂമുകളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതുള്‍പ്പെടെയുള്ള യന്ത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മൂന്നുമുതല്‍ 500 ഫാരഡ് വരെയുള്ള സൂപ്പർ കപ്പാസിറ്ററുകളാണ് നിർമിക്കുക. ജി.എസ്.ടി.ക്കുപുറമെ 25 രൂപ മുതല്‍ 1,450 വരെയാവും വിപണിവില. ഒരുദിവസം 2,000 എണ്ണം നിർമിക്കാനാകും. നാലാംവർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും മൂന്നുകോടി ലാഭവുമാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post