അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നു; ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ പുറപ്പെട്ടു

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചില്‍ വീണ്ടും പുനരാരംഭിക്കുന്നു.

തിരച്ചില്‍ പുനരാരംഭിക്കാനായി ഗോവയില്‍ നിന്ന് ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ഡ്രഡ്ജർ പുറപ്പെട്ടു. ഡ്രഡ്ജർ ഇന്ന് വൈകീട്ടോടെ കാർവാർ തുറമുഖത്ത് എത്തുമെന്നാണ് കരുതുന്നത്. 

എത്തിയാലുടൻ ദൗത്യം സംബന്ധിച്ച അവലോകനയോഗം ചേരും. അതിനു ശേഷം ഡ്രഡ്ജർ ഷിരൂരിലേക്ക് എത്തിക്കും. ബുധനാഴ്ച വൈകീട്ടോടെ മാത്രമേ ഡ്രഡ്ജർ ഷിരൂരില്‍ എത്തിക്കാനാകൂ. അപ്പോള്‍ അർജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനരാരംഭിക്കാൻ സാധിക്കും. തിരച്ചില്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച്‌ കഴിഞ്ഞാഴ്ച അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരച്ചിലിനായി ഡ്രഡ്ജർ എത്തിക്കുമെന്നും ചെലവ് പൂർണമായി സർക്കാർ വഹിക്കുമെന്നും സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പ് നല്‍കി. 

96 ലക്ഷം രൂപയാണ് ഡ്രഡ്ജർ എത്തിക്കാനുള്ള ചെലവ് പ്രതീക്ഷിച്ചത്. പുഴയില്‍ പ്രവർത്തിക്കാനുള്ള ചെലവ് കൂടാതെയാണിത്. നാലുമീറ്റർ വരെ ആഴത്തില്‍ തിരച്ചില്‍ നടത്താൻ ഡ്രഡ്ജറിന് സാധിക്കും. മണ്ണിടിച്ചിലില്‍ അർജുൻ ഉള്‍പ്പെടെ മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.

Post a Comment

Previous Post Next Post