ഓണചന്തകള്‍ സെപ്റ്റംബര്‍ ആദ്യവാരത്തോടെ തുടങ്ങും: സപ്ലൈകോ.


തിരുവനന്തപുരം : ഓണചന്തകള്‍ സെപ്റ്റംബര്‍ ആദ്യവാരത്തോടെ തുടങ്ങുമെന്ന് സപ്ലൈകോ. എല്ലാ ജില്ലകളിലും ഓണചന്തകള്‍ ആരംഭിക്കും.13 ഇന അവശ്യസാധനങ്ങള്‍ ഓണചന്തകളില്‍ ഉറപ്പാക്കാനാണ് സപ്ലൈകോയുടെ തീരുമാനം.
ഓണചന്തകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞുവെന്നും ധനവകുപ്പില്‍ നിന്ന് ലഭിച്ച 225 കോടി രൂപ കൊണ്ട് ചന്തകള്‍ തുടങ്ങുമെന്നും സപ്ലൈകോ അറിയിച്ചു.അതേസമയം കൂടുതല്‍ തുക ധനവകുപ്പ് നല്‍കുമെന്ന് പ്രതീക്ഷയിലാണ് സപ്ലൈകോ. വിലയില്‍ ഇളവ് നല്‍കി ആവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ബജറ്റ് വിഹിതത്തിനു പുറമെ 120 കോടി രൂപയാണ് സപ്ലൈകോയ്ക്ക് ലഭ്യമാക്കിയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വിപണി ഇടപടലിന് ഈ സാമ്ബത്തികവര്‍ഷം 205 കോടി രൂപയാണ് ആകെ വകയിരുത്തിയിരുന്നത്. കഴിഞ്ഞമാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റ് പ്രകാരം ബാക്കി 105 കോടി രൂപയാണ് ഉണ്ടായിരുന്നത്. എന്നാല്‍ 120 കോടി രൂപ അധികമായി നല്‍കാന്‍ ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു.

സമാഹരിക്കുന്ന ജൈവ പച്ചക്കറികള്‍ ചന്തകളില്‍ പ്രത്യേക സ്റ്റാളുകളിലൂടെ വില്‍ക്കും. മാവേലി സ്റ്റോറുകളിലും ആവശ്യത്തിന് സബ്സിഡി സാധനങ്ങള്‍ എത്തിക്കും. ഓണത്തിന് മഞ്ഞകാര്‍ഡുകാര്‍ക്കും അനാഥാലയങ്ങള്‍, വയോജനകേന്ദ്രങ്ങള്‍ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും.ആറുലക്ഷത്തോളം കിറ്റാണ് റേഷന്‍കടകളിലൂടെ നല്‍കുക.

Post a Comment

Previous Post Next Post