വിള്ളല്‍ വീണ ഭാഗങ്ങളിലെ മണ്ണ് മാറ്റിത്തുടങ്ങി: ചുരം റോഡില്‍ പുനര്‍നിര്‍മ്മാണം ആരംഭിച്ചു

പേരാവൂർ: കനത്ത മഴയില്‍ തകർന്ന നെടുംപൊയില്‍ മാനന്തവാടി ചുരം റോഡിന്റെ പുനർനിർമ്മാണം തുടങ്ങി. നാലാം വളവില്‍ വിള്ളല്‍ വീണതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.
ഇന്നലെ രാവിലെയാണ് പുനർനിർമ്മാണത്തിന്റെ ഭാഗമായി വിള്ളല്‍ വീണ ഭാഗങ്ങളിലെ മണ്ണ് മാറ്റിത്തുടങ്ങിയത്.
നാലാമത്തെ വളവിന് സമീപത്താണ് സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തെ തുടർന്ന് വിളളല്‍ രൂപപ്പെട്ട് ഭൂമി ഇടിഞ്ഞുതാണത്. റോഡിന്റെ ഒരു വശത്തെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തിയടക്കം വിണ്ട് അകന്നു പോയിരുന്നു. ഇതോടെ കഴിഞ്ഞ മാസം 30 മുതല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.ചെറിയ വാഹനങ്ങള്‍ക്ക് പോലും കടന്നു പോകാൻ കഴിയാത്ത വിധമായിരുന്നു വിള്ളല്‍ രൂപപ്പെട്ടത്.

നിലവില്‍ ടാക്സികളില്‍ ഏറെ ദൂരം സഞ്ചരിച്ചാണ് പ്രദേശവാസികള്‍ കൊളക്കാടും നെടുംപൊയിലുമെത്തി ആവശ്യങ്ങള്‍ നിറവേറ്റുന്നത്.റോഡിന് ഒരു വശത്ത് വീതി കൂട്ടി എടുക്കുന്നതിനാവശ്യമായ ഭൂമി പൊതുമരാമത്ത് വകുപ്പിന്റെ കൈവശം ഉണ്ടെന്നും ഇവിടെ മണ്ണ് നീക്കി താത്കാലികമായി ചെറുവാഹനങ്ങളെങ്കിലും കടത്തിവിടാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് വാർഡ് മെമ്ബർ ഉള്‍പ്പെടെയുള്ളവർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പുനർനിർമാണം ആരംഭിച്ചത്.

നിടുംപൊയില്‍ മാനന്തവാടി ചുരം റോഡില്‍ വാഹന ഗതാഗതം അനിശ്ചിതകാലത്തേക്ക് പൂർണമായി നിരോധിച്ചതോടെ കണ്ണൂർ വയനാട് ജില്ലകളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമുള്‍പ്പെടെ യാത്രക്കാർ ദുരിതത്തിലാണ്.

Post a Comment

Previous Post Next Post