കോഴിക്കോട്: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് സഹകരണ ബാങ്കില്‍ ജോലി നല്‍കാൻ തീരുമാനം.
കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കിലാണ് കൃഷ്ണപ്രിയയ്ക്ക് ജോലി നല്‍കുക. ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ഇപ്പോള്‍ താല്‍ക്കാലികമായാണ് ജോലി നല്‍കുന്നത്. പിന്നീട് സർക്കാർ ചട്ടങ്ങള്‍ അനുസരിച്ച് സ്ഥിരപ്പെടുത്തും. ഇക്കാര്യം ബാങ്ക് അധികൃതർ അർജുന്റെ കുടുംബത്തെ അറിയിച്ചു.
അതേസമയം അർജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഷിരൂരില്‍ അവസാനിപ്പിച്ചിട്ട് ഒരാഴ്ചയിലേറെയായി. തിരച്ചില്‍ പുനരാരംഭിക്കണമെന്ന് കർണാടക ഹൈക്കോടതി നിർദേശം നല്‍കിയിട്ടും മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടി കർണാടക സർക്കാർ തിരച്ചില്‍ നിർത്തിവച്ചിരിക്കുകയാണ്. അതിനിടെ അർജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പ് നല്‍കിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ എല്ലാ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി രേഖാമൂലം കുടുംബത്തെ അറിയിച്ചു.
കഴിഞ്ഞ ദിവസം അർജുന്റെ വീട് സന്ദർശിക്കവേ കുടുംബം നല്‍കിയ നിവേദനത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മറുപടിയുമായി ജില്ലാ കലക്ടർ അർജുന്റെ വീട് സന്ദർശിച്ചു.
Post a Comment