ഏറണാകുളം: മഞ്ഞുമ്മല്‍ ബോയ്സ് ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഉപയോഗിച്ച ഇളയരാജയുടെ കണ്‍മണി അൻപോട് കാതല്‍ എന്ന ഗാനവുമായി ബന്ധപ്പെട്ട തർക്കത്തിന് രമ്യമായ പരിഹാരം.
മഞ്ഞുമ്മല്‍ നിർമാതാക്കള്‍ ഇളയരാജയ്‌ക്ക് നഷ്ടപരിഹാരം നല്‍കിയതായാണ് വിവരം. രണ്ട് കോടി രൂപ ചോദിച്ച സംഗീത സംവിധായകന് 60 ലക്ഷം രൂപയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നല്‍കിയത്.
ചിത്രം വലിയ വിജയം നേടിയതിനെ തുടർന്നാണ് ഇളയരാജ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് 60 ലക്ഷം രൂപ എന്ന ഒത്തുതീർപ്പ് തീരുമാനത്തിലേക്ക് ഇരുകൂട്ടരും എത്തിയത്.
അനുമതിയില്ലാതെയാണ് സിനിമയില്‍ തന്റെ ഗാനം ഉപയോഗിച്ചെന്ന് ഇളയരാജ ആരോപിച്ചിരുന്നു. തുടർന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. അതേസമയം, ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് കൈവശമുള്ളവരില്‍ നിന്ന് അവകാശം കരസ്ഥമാക്കി എന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് ടീം വ്യക്തമാക്കിയത്.
കമല്‍ ഹാസൻ നായകനായ ഗുണ എന്ന ചിത്രത്തില്‍ ഇളയരാജ ഈണം നല്‍കിയ കണ്‍മണി അൻപോട് കാതല്‍ എന്ന് തുടങ്ങുന്ന ഗാനമാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ ക്ലൈമാക്സ് രംഗത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് വലിയ ജനപ്രീതി സൃഷ്ടിക്കുകയും ഏറെ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു.
Post a Comment