വിശ്രമം കഴിഞ്ഞു, ഇനി മേലേക്ക്; സ്വര്‍ണവില വീണ്ടും 51,000 കടന്നു, ഒറ്റയടിക്ക് കൂടിയത് 600 രൂപ

കൊച്ചി: സംസ്ഥാനത്ത് കിതപ്പിനു ശേഷം വീണ്ടും കുതിച്ച്‌ സ്വര്‍ണം. പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് വർധിച്ചത്.
ഇതോടെ ഒരു പവൻ സ്വർണത്തിന് 51,400 രൂപയിലും ഗ്രാമിന് 6,425 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരിടവേളയ്ക്കു ശേഷം താഴേക്കുപോയ സ്വർണവില ചൊവ്വാഴ്ച പവന് 640 രൂപയും ബുധനാഴ്ച 320 രൂപയും കുറഞ്ഞിരുന്നു. അഞ്ചുദിവസത്തിനിടെ ആയിരത്തിലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ തിരിച്ചുവരവ്.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.

കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ദിവസങ്ങള്‍ക്കകം ഏകദേശം 4,500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് വില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച ശേഷമാണ് വില താഴേക്കുപോയത്.

മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില പിന്നീട് കഴിഞ്ഞ മാസം ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തുകയും പിന്നീട് വീണ്ടും 53,000 രൂപ കടക്കുകയുമായിരുന്നു.

Post a Comment

Previous Post Next Post