വടകരയിലെ ബാങ്കില്‍ നിന്ന് 26.4 കിലോ സ്വര്‍ണം തട്ടിയ കേസില്‍ മുൻ മാനേജര്‍ തെലങ്കാനയില്‍ പിടിയില്‍

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പുകേസില്‍ മുഖ്യപ്രതിയും മുൻ മാനേജറുമായ മധാ ജയ കുമാർ പിടിയില്‍.

തെലങ്കാനയില്‍ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. ബാങ്കിലെ 42 അക്കൗണ്ടുകളില്‍നിന്നായി 26.24 കിലോ സ്വർണം കടത്തിയെന്നാണ് ഇയാള്‍ക്കെതിരായ പരാതി. 

അടിപിടി കേസില്‍ ഇയാള്‍ തെലങ്കാന പോലീസിൻറെ പിടിയിലായിരുന്നു. ഇതേത്തുടർന്നാണ് വടകരയില്‍ ഇയാള്‍ക്കെതിരേ തട്ടിപ്പ് കേസ് ഉള്ളതായി തെലങ്കാന പോലീസ് മനസ്സിലാക്കിയത്. തുടർന്ന് വടകര പോലീസിനെ ഇവർ ബന്ധപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് വടകരയില്‍നിന്ന് പോലീസ് സംഘം തലങ്കാനയിലേയ്ക്ക് പോയത്.

കോയമ്ബത്തൂർ മേട്ടുപ്പാളയം സ്വദേശിയാണ് മധാ ജയകുമാർ. ഇയാള്‍ കടത്തിയതെന്ന് പറയുന്ന 26.24 കിലോഗ്രാം സ്വർണം ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. തട്ടിപ്പില്‍ ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ, കഴിഞ്ഞ ദിവസം മധാ ജയകുമാർ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പരാമർശിച്ച കാര്യങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്; പ്രത്യേകിച്ച്‌, സ്വകാര്യ ധനകാര്യസ്ഥാപനത്തെക്കുറിച്ച്‌. ഈ സ്ഥാപനത്തിന് ബാങ്കിന്റെ വടകര ശാഖയുമായി ഇടപാടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

42 അക്കൗണ്ടുകളില്‍നിന്നായി 26.24 കിലോ സ്വർണം നഷ്ടപ്പെട്ടെന്നാണ് ബാങ്കിന്റെ പരാതി. ഇത്രയും അക്കൗണ്ടുകളിലെ സ്വർണം തിരിമറി നടത്തിയിട്ടും ഒരു ഇടപാടുകാരൻപോലും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഒരാളുടെമാത്രം സ്വർണമാണിതെന്നാണ് അനുമാനിക്കുന്നത്. ഇതേക്കുറിച്ച്‌ വ്യക്തമായ ചില സൂചനകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. 42 അക്കൗണ്ടുകളുടെ വിവരവും പോലീസ് ശേഖരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post