ക്യൂ ആര്‍ കോഡ് സംവിധാനം ദുരുപയോഗം ചെയ്യുന്നു, ഒഴിവാക്കും; കണ്ടെത്തിയത് 215 മൃതദേഹങ്ങള്‍, മരിച്ചവരില്‍ 30 കുട്ടികളും

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളുലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളം ഒന്നാകെ വയനാടിനെ കൈപിടിച്ചുയർത്താൻ നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരാണ് നാം ഏവരും എന്ന മാനവികതയുടെ പതറാത്ത സന്ദേശമാണ് കേരളത്തില്‍ മുഴങ്ങുന്നത്. മറ്റൊരു പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനാണ് ലക്ഷ്യം. അതിനുളള ചര്‍ച്ചകള്‍ തുടങ്ങി. ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ക്യൂ ആർ കോഡ് സംവിധാനം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്യൂ ആർ കോഡ് സംവിധാനം ദുരുപയോഗം ചെയ്യുന്നതിനാല്‍ ഒഴിവാക്കാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുപിഐ ഐഡി വഴി സഹായം നല്‍കാം. ദുരിതാശ്വാസ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യും. ഇതിനായി ധനവകുപ്പ് സെക്രട്ടറിയുടെ കീഴില്‍ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെളളാര്‍മല സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനുളള നടപടി ഉടന്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് നേരത്തെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതാണ്. ഇതു സംബന്ധിച്ച്‌ നിരന്തരം കേന്ദ്രവുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി അറിയിച്ചു. 206 പേരെ കണ്ടത്താനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത മേഖലയിലും ചാലിയാറിലും തിരച്ചില്‍ തുടരുകയാണ്. 1419 പേരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 40 ടീമുകള്‍ 6 സെക്ടറുകളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്.

ആദ്യഘട്ടം ദുരന്തത്തില്‍പ്പെട്ടവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചിട്ടുണ്ട്. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തി രക്ഷിക്കാനാണ് ശ്രമിച്ചത്. 81 പേർ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 206 പേര്‍ ആശുപത്രി വിട്ടു, ഇവരെ ക്യാമ്ബിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ മാത്രം 40 ടീമുകള്‍ 6 സെക്ടറുകളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തിയത്.

93 ക്യാമ്ബുകളിലായി 10,042 പേരാണുള്ളത്. കേരള പൊലീസിന്‍റെയും തമിഴ്നാടിന്‍റെയും സൈന്യത്തിന്‍റെയും ഡോഗ് സ്ക്വാഡും തിരച്ചിലിനുണ്ട്. ഹ്യൂമന്‍ റെസ്ക്യൂ റഡാറും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. ദുരന്തത്തില്‍ മരിച്ചവരില്‍ 30 കുട്ടികളാണുള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Post a Comment

Previous Post Next Post