കൈകോര്‍ത്ത് കേരളം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 110 കോടി കടന്നു

തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 110 കോടി കടന്നു.
കൊച്ചുകുട്ടികളുടെ സമ്ബാദ്യ കുടുക്ക മുതല്‍ വൻകിട വ്യവസായികളുടെ വരെ കയ്യയച്ചുളള സംഭാവനയിലൂടെയാണ് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ 100 കോടി രൂപയി സമാഹരിക്കാനായത്.

സർക്കാർ ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്ബളത്തിൻറെ വിഹിതവും കൂടി വരുന്നതോടെ വയനാടിന് വേണ്ടിയുളള പ്രത്യേക ഫണ്ട് 500 കോടി കടക്കും. പലതുളളി പെരുവെളളം എന്ന പഴഞ്ചൊല്ല് പോലെ തന്നെയാണ് വയനാടിന് വേണ്ടിയുളള സംഭാവനയിലും കാണുന്നത്. ഉരുള്‍പൊട്ടിയുണ്ടായ മലവെളളപാച്ചിലില്‍ രണ്ട് ഗ്രാമങ്ങള്‍ നാമാവശേഷമായപ്പോള്‍ നാടാകെ ഞെട്ടിത്തരിച്ചു. സഹജീവികളുടെ സങ്കടം കണ്ട് മനംനൊന്ത ആയിരങ്ങളുടെ കണ്ണീർ ഉരുള്‍പൊട്ടിയപ്പോള്‍ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ തടസവാദങ്ങളെയും തട്ടിത്തെറിപ്പിച്ച്‌ ചെറുതും വലുതുമായ സംഭാവനകള്‍ പ്രവഹിക്കുകയായിരുന്നു. ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടിയ ജൂലൈ 30-നാണ് ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാല്‍ അഭ്യർത്ഥന വന്നത്.

മഹാപ്രളയത്തെയും കൊവിഡ് മഹാമാരിയെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച കേരളത്തിൻെറ മാതൃക വയനാടിൻെറ കാര്യത്തിലും സംഭവിച്ചു. കേരളത്തിനകത്ത് നിന്ന് മാത്രമല്ല വയനാടിന് നേരെ സഹായഹസ്തം നീണ്ടത്. തമിഴ്നാട്, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം സംഭാവനകള്‍ എത്തി. 

ലഭിച്ച പണത്തിനും അപ്പുറത്ത്, ദുരന്തം നേരിടുന്നതില്‍ കേരളം ഒറ്റക്കല്ല എന്ന മഹത്തായ മാനവികതയുടെ സന്ദേശമാണ് അത് നല്‍കിയത്. ഇപ്പോള്‍ 100 കോടി പിന്നിട്ട ദുരിതാശ്വാസ നിധി, സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ ശമ്ബള വിഹിതവും കൂടി വരുന്നതോടെ കുറഞ്ഞത് 500 കോടി കവിയും. വയനാടിന് വേണ്ടി കൈകോർക്കുന്നതിലൂടെ പ്രതിസന്ധികളെ നേരിടുന്നതിലുളള കേരള മാതൃകയാണ് രൂപപ്പെട്ടത്. ലഭിച്ച പണത്തിൻെറ സുതാര്യമായ വിനിയോഗം സർക്കാരിൻെറയും ഉത്തരവാദിത്തമാണ്. 

വയനാടിന് വേണ്ടി ഒന്നിച്ചവർ അർപ്പിച്ച വിശ്വാസം കാത്തുകൊണ്ട് ദുരന്തബാധിതർക്കായി സമഗ്രമായ പുനരധിവാസ പദ്ധതി നടപ്പാക്കാൻ സർക്കാരിനായാല്‍ അതും കേരള മോഡലായി ചരിത്രം അടയാളപ്പെടുത്തും.

Post a Comment

Previous Post Next Post