ആലക്കോട്: ഉദയഗിരി പഞ്ചായത്തില്‍ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് പന്നിക്കർഷകർ. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരുന്നു ആദ്യമായി പഞ്ചായത്തില്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.
അന്ന് ജയഗിരി, താളിപ്പാറ, മാമ്ബൊയില്‍ പ്രദേശങ്ങളിലെ 32 കർഷകരുടെ 554 പന്നികളെയാണ് ദയാവധം ചെയ്തത്. പല ഫാമുകളിലെയും പന്നികള്‍ക്ക് രോഗലക്ഷണമില്ലാതിരുന്നിട്ടും രോഗ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഇവയെയും ഉന്മൂലനം ചെയ്യുകയായിരുന്നു.
ജീവിതമാർഗം അടഞ്ഞ്
കർഷകർ
ഉദയഗിരി പഞ്ചായത്തിലെ മലന്പ്രദേശങ്ങളില്‍ മണ്ണില്‍ വിയർപ്പൊഴുക്കിയും കാട്ടുമൃഗങ്ങളോട് പൊരുതിയും കൃഷിയിറക്കുന്പോഴും എല്ലാം നഷ്ടത്തിലായി തുടങ്ങിയതോടെ പുതിയ ജീവിതമാർഗമെന്ന നിലയിലാണ് പലരും പന്നി വളർത്തലിലേക്ക് മാറിയത്. ബാങ്കുകളില്‍നിന്നും സഹകരണ സംഘങ്ങളില്‍ നിന്നും വായ്പകളെടുത്താണ് എല്ലാവരുംതന്നെ സംരംഭം ആരംഭിച്ചത്.10 കിലോയ്ക്ക് മുകളിലുള്ള പന്നിക്കുഞ്ഞുങ്ങളെ വാങ്ങണമെങ്കില്‍ 15,000 മുതല്‍ 20,000 രൂപ വരെ മുടക്കേണ്ടതുണ്ട്.
പന്നിക്കുഞ്ഞുങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍, മരുന്നുകള്‍ എന്നിവയ്ക്ക് വലിയസാന്പത്തിക ചെലവും പരിപാലിച്ച് വളർത്തി വലുതാക്കിയെടുക്കാൻ ഏറെ പരിശ്രമവും ആവശ്യമുണ്ട്. 20 മുതല്‍ 25 വരെ പന്നി ക്കുഞ്ഞുങ്ങളെ വാങ്ങിയാണ് മിക്കവരും ഫാം ആരംഭിക്കുന്നത്. ഇവയില്‍നിന്ന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് ഫാം നടത്തുന്നവരും ഉണ്ട്. പന്നികളെ വളർത്തിയെടുക്കുന്നതിനും പന്നികളെ പ്രജനനം നടത്തി പരിപാലിക്കുന്നതിനും ഭാരിച്ച ചെലവുണ്ട്. രോഗം കാരണം പന്നികളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുന്പോള്‍ കർഷകരുടെ ജീവിതമാർഗമാണ് അടയുന്നത്.
കയ്പേറിയ അനുഭവം
കഴിഞ്ഞവർഷം പന്നിപ്പനി തുടങ്ങിയത് മുതല്‍ പന്നികളെ കൊന്നൊടുക്കിയ കർഷകർ അനുഭവിച്ച ദുരിതങ്ങള്‍ ഏറെയാണ്.പൂർണമായ നഷ്ടപരിഹാരം ലഭിക്കാത്തവരും നിരവധിയായിരുന്നു. അതിനിടെ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാൻ കഴിയാത്തതിന്‍റെ പേരില്‍ ജപ്തിക്ക് വിധേയരായവരുമുണ്ട്. കുടുംബശ്രീയില്‍നിന്നും സഹകരണ സംഘങ്ങളില്‍നിന്നും ലോണെടുത്തവരുടെയും അവസ്ഥ ദയനീയമാണ്. പന്നിഫാമിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്ന് കരുതിയ ഇവരില്‍ പലരും പിന്നീട് പാവല്‍ പോലുള്ള പച്ചക്കറി കൃഷി നടത്തിയാണ് ജീവിച്ചുപോരുന്നത്. ഒരു വർഷത്തിനുശേഷം മൃഗസംരക്ഷണ വകുപ്പ് മന്ത്രി നേരിട്ട് വന്ന് നഷ്ടപരിഹാരം നല്‍കിയ ദിവസം തന്നെയാണ് പുതിയതായി പന്നിപ്പനി സ്ഥിരീകരിച്ചത്.
പന്നികളെ ഇന്ന് ദയാവധം നടത്തും
കണ്ണൂർ: ഉദയഗിരി പഞ്ചായത്തിലെ പന്നിഫാമില്‍ ആഫ്രിക്കൻ പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗപ്രതിരോധ നടപടികളുടെ ഭാഗമായി പന്നികളെ ഇന്ന് ഉന്മൂലനം ചെയ്യും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പന്നികളെ ദയാവധം നടത്തുകയാണ് ചെയ്യുക. ഇതിനുള്ള ഒരുക്കങ്ങള്‍ ഇന്നലെ മൃഗസംരക്ഷണ വകുപ്പ് പൂർത്തിയാക്കി. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബിജോയ് വർഗീസിന്‍റെ നേതൃത്വത്തിലുള്ള വെറ്ററിനറി ഡോക്ടർമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ എന്നിവരടക്കമുള്ള 40 അംഗ ടാസ്ക് ഫോഴ്സാണ് ഉന്മൂലന പ്രവർത്തനങ്ങള്‍ നടത്തുക. കർഷക പ്രതിഷേധം ഉണ്ടായേക്കുമെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. മണ്ണാത്തികുണ്ട് ബാബു കൊടക്കനാലിന്‍റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിലെയും ഇതിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുമുള്ള ഫാമുകളിലെയും മുഴുവൻ പന്നികളെയുമാണ് ഉന്മൂലനം ചെയ്യുക.
Post a Comment