സ്കൂളുകള്‍ക്ക് സമീപമുള്ള പ്രധാന പാതകളില്‍ സീബ്ര ക്രോസിംഗ് സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ : സ്കൂളുകള്‍ക്ക് സമീപമുള്ള പ്രധാന റോഡുകളില്‍ സീബ്ര ക്രോസിംഗ് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
തളിപ്പറമ്പ് -ആലക്കോട് റോഡിലെ പൂവത്ത് സ്കൂളിനു സമീപം ജനുവരി 24 ന് പൂവം സെന്‍റ് മേരീസ് കോണ്‍വന്‍റിലെ മദർ സുപ്പീരിയർ സിസ്റ്റർ സൗമ്യ ബസിടിച്ച്‌ മരിക്കാനിടയായത് റോഡില്‍ സീബ്ര ക്രോസിംഗ് ഇല്ലാതിരുന്നതിനാലാണെന്ന് മനുഷ്യാവകാശ കമ്മീഷൻ വിലയിരുത്തി. 

പൊതുമരാമത്ത് വകുപ്പിന്‍റെ അലംഭാവമാണ് ഒരു ജീവൻ പൊലിയാൻ ഇടയാക്കിയതെന്നും കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. അശ്രദ്ധമായി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച്‌ വാഹനമോടിച്ച്‌ അപകടങ്ങള്‍ വരുത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കർശന നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദേശം നല്‍കി.പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തില്‍ ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്കും ആർടിഒയോടും നിർദേശിച്ചു. 

എഫ്‌എസ്‌എംഎ സന്യാസ സഭാംഗമായിരുന്ന സിസ്റ്റർ സൗമ്യ പള്ളിയിലേക്ക് പോകുന്പോഴാണ് സ്വകാര്യ ബസിടിച്ചത്. സ്കൂളിനു മുന്നിലെ റോഡിലുള്ള അപകട സാധ്യതയെക്കുറിച്ച്‌ തളിപ്പറമ്ബ് ഡിവൈഎസ്പി ക്ക് പരാതി നല്‍കിയ മദർ സുപ്പീരിയർ ദിവസങ്ങള്‍ക്കുള്ളിലാണ് അതേസ്ഥലത്ത് വച്ച്‌ ബസിടിച്ച്‌ മരിച്ചത്. ട്രാഫിക് നിയമങ്ങള്‍ നഗ്നമായി ലംഘിച്ചും മറ്റുള്ളവരുടെ ജീവനെ തൃണവത്ഗണിച്ചും ബസ് സർവീസ് നടത്തുന്നതിന്‍റെ പരിണതഫലമാണ് സിസ്റ്റർ സൗമ്യയുടെ ദാരുണമരണമെന്ന് കമ്മീഷൻ വിലയിരുത്തി. ഇത്തരം അത്യാഹിതങ്ങള്‍ ഇനിയും സംഭവിക്കാൻ പാടില്ലെന്നും കമ്മീഷൻ ഉത്തരവില്‍ പറഞ്ഞു. 

ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ ആടിഒ, ജില്ലാ പോലീസ് മേധാവി എന്നിവർ രണ്ടു മാസത്തിനുള്ളില്‍ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Post a Comment

Previous Post Next Post