കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ ചൊവ്വാഴ്ച ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവറെ കുറിച്ച് വിവരമില്ല.
മൂന്ന് ദിവസമായി കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും മണ്ണിനടിയിലെന്ന് സംശയം. കര്‍ണാടകയില്‍ നിന്നും തടി കയറ്റി വരികയായിരുന്നു ലോറി. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്ബോള്‍ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷന്‍ കാണിക്കുന്നത്. ഇതിനിടയില്‍ അര്‍ജുന്റെ ഫോണ്‍ രണ്ട് തവണ ഓണായെന്ന് ലോറി ഉടമ പറഞ്ഞു. നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മന്ത്രി കെ ബി ഗണേഷ് കുമാർ കര്‍ണാടക ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. 'റോഡിലെ മണ്ണ് വശങ്ങളിലേക്കു മാറ്റി ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം മാത്രമാണ് അവിടെ നടക്കുന്നത്. ഇതുവരെയും മണ്ണു മാറ്റി പരിശോധന നടത്തിയിട്ടില്ല.
എസി ഓണ്‍ ചെയ്ത് ഫുള്‍ കവർ ചെയ്ത വണ്ടിയാണ്. അതുകൊണ്ട് മണ്ണ് ഉള്ളിലേക്ക് കയറിയിട്ടുണ്ടാവില്ല. അങ്ങനെയാണെങ്കില്‍ അർജുനെ ജീവനോടെ രക്ഷിക്കാൻ കഴിയും. ഇടയ്ക്കിടയ്ക്ക് ഫോണ്‍ സ്വിച്ച് ഓണ്‍ ആകുന്നതിലും പ്രതീക്ഷയുണ്ട്'. ലോറി ഉടമ മനാഫ് പറഞ്ഞു. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ഫോണ്‍ ഒരു തവണ റിങ് ചെയ്തു. നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കോഴിക്കോട് സ്വദേശിയാണ് അർജുൻ.
Post a Comment