പേമാരിയിൽ വിറച്ച് മലയോര ഗ്രാമങ്ങൾ



നടുവിൽ : നാലുദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മലയോരത്ത് ഉരുൾപൊട്ടൽ ഭീഷണിയുമുണ്ട്.
കുപ്പം, കരിമ്പം പുഴയുടെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ചപ്പാരപ്പടവ് ടൗണിൽ ഉച്ചയോടെ വെള്ളം കയറി.
 കുപ്പം പുഴ കര കവിഞ്ഞൊഴുകുകയാണ്‌ കുപ്പം. ടൗൺ, മുക്കുന്ന്, കുറ്റ്യേരി, പനങ്ങാട്ടൂർ, വെള്ളാവിൽ, തിരുവട്ടൂർ, വായാട്, ചെറിയൂർ, കാട്ടാമ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പുഴവെള്ളം വയലുകളിലേക്ക് ഒഴുകിത്തുടങ്ങിയിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂന്നടിയോളം വെള്ളം കയറിയത്. കലങ്ങിമറിഞ്ഞാണ് പുഴയിലെ ഒഴുക്ക്. കർണാടക വനത്തിൽ ഉരുൾ പൊട്ടിയതായി സംശയമുണ്ട്. മണക്കടവ്, കാർത്തികപുരം,ആലക്കോട്, കരുവഞ്ചാൽ, ചാണോക്കുണ്ട് പുഴകൾ രാവിലെ മുതൽ നിറഞ്ഞൊഴുകുന്ന സ്ഥിതിയിലായിരുന്നു.
ചപ്പാരപ്പടവിൽ ഓട്ടോ, ടാക്സി സ്റ്റാൻഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. കടകൾക്കുള്ളിലേക്ക് വെള്ളം കയറുമെന്ന ആശങ്കയിലാണ് നാട്ടുകാരും വ്യാപാരികളും. ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി.
കരിമ്പം പുഴയോട് ചേർന്ന ചവനപ്പുഴ, കരിമ്പം ഭാഗത്ത് ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ചവനപ്പുഴ സുപ്രഭ കലാനിലയത്തോട് ചേർന്ന വയലും റോഡും വ്യാഴാഴ്ച രാവിലെ മുതൽ വെള്ളത്തിനടിയിലായി.
നിർത്താതെയുള്ള മഴ മലയോരത്ത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നടുവിൽ, ആലക്കോട് പഞ്ചായത്തുകളിലെ ഉരുൾപൊട്ടൽ മേഖലകളിൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.

പൈതൽമലയുടെ താഴ്‌വാരങ്ങളിലെ വൻകിട പാറമടകളുടെ സമീപസ്ഥലങ്ങളിലുള്ളവർ കനത്ത മഴയിൽ ആശങ്കയോടെയാണ് കഴിയുന്നത്.

ആലക്കോട് : വ്യഴാഴ്ചത്തെ ശക്തമായ മഴയിൽ ചെറുതോടുകൾ പോലും വെള്ളം കരകവിഞ്ഞൊഴുകി കൃഷിനാശമുണ്ടായി. പുഴയോരത്തെ കൃഷിയിടങ്ങളിൽ മലവെള്ളവും പുഴ കരകവിഞ്ഞ് എത്തിയ വെള്ളം കുത്തിയൊഴുകി മേൽമണ്ണ് ഒഴുകി നശിച്ചു.
 വലിയ തുക മുടക്കി നടത്തിയ വളപ്രയോഗം ഒഴുകി നശിച്ചു. ജലവിതരണ- ഹൗസിൽ വെള്ളം കയറിയതുമൂലം ജലവിതരണവും നിലച്ചു. 
കുടകുമലയിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ രയരോം പുഴ ഇരുകരകളും കവിഞ്ഞൊഴുകുകയായിരുന്നു.

Post a Comment

Previous Post Next Post