കാറ്റിലും മഴയിലും മരംവീണ് വീട് തകർന്നു; മൂന്നുപേർക്ക് പരിക്ക്, ലക്ഷങ്ങളുടെ നഷ്ടം

ആലക്കോട്: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് പൂർണമായി തകർന്നു. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഉദയഗിരി പഞ്ചായത്ത് വായിക്കമ്പ വാർഡിൽ മധുവനത്തിന് സമീപം ചേലച്ചുവട്ടിലെ അരീക്കൽ രതീഷിൻ്റെ വീടാണ് തകർന്നത്. ഇന്നലെ രാത്രി 10.45 ഓടെയാണ് സംഭവം കാറ്റിലും മഴയിലും സമീപത്ത് നിന്ന മരം വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ആസ്ബറ്റോസ് മേഞ്ഞ മേൽക്കൂരയും ഭിത്തിയും പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന രതീഷ് (42), ഭാര്യ അനുഷ (34), മകൾ ദേവനന്ദ (14) എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിൽ കുടുങ്ങിപ്പോയവരെ അയൽവാസികൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തമൊഴിവായത്. വീട്ടുസാധനങ്ങളും പൂർണമായി നശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്‌ടം നേരിട്ടു. മേസ്തിരി തൊഴിലാളിയാണ് രതീഷ്. പ്രസിഡണ്ട് കെ.എസ്.ചന്ദ്രശേഖരൻ, സ്ഥിരം സമിതി അധ്യക്ഷ ഷീജ വിനോദ്, മെമ്പർമാരായ കെ.പി.സിനി, വി.സി. പ്രകാശ്, എന്നിവരുടെ നേതൃത്വത്തിൽ ഉദയഗിരി പഞ്ചായത്ത് അധികൃതർ വീട് സന്ദർശിച്ചു.

Post a Comment

Previous Post Next Post