കരുവഞ്ചാല്‍: പഴയ പാലം അറ്റകുറ്റപ്പണികള്‍ നടത്തി നിലനിർത്തണമെന്നാവശ്യപ്പെട്ട് സിപിഎം കരുവഞ്ചാല്‍, കൊട്ടയാട് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പിന് നിവേദനം നല്‍കി.
ഈ വിഷയത്തില്‍ അനുഭാവ പൂർണമായ നടപടികള്‍ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ഓഫീസ് നിർദേശം നല്കി.
മലയോര മേഖലയിലെ പ്രധാന പട്ടണമായ ആലക്കോടിനെയും കരുവഞ്ചാലിനെയും ബന്ധിപ്പിക്കുന്നതും തളിപ്പറമ്ബ്-കൂർഗ് റോഡിലെ ഏറ്റവും പ്രധാനപ്പെട്ടതുമായ കരുവഞ്ചാല്‍ പാലംപണി അന്തിമഘട്ടത്തിലാണ്. പാലത്തിന്‍റെ പ്രധാന കോണ്‍ക്രീറ്റ് കഴിഞ്ഞദിവസം നടന്നു. സെപ്റ്റംബറോടു കൂടി പണി പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കും.
പുതിയപാലം പണിയുന്നതോടപ്പം തന്നെ പഴയപാലം പൊളിച്ച് കളയാനാണ് കരാറുകാരനുമായുള്ള വ്യവസ്ഥ. ഈ പാലം പൊളിച്ച് മാറ്റാതെ കൈവരികളും മറ്റും ബലപ്പെടുത്തി ഗതാഗത യോഗ്യമാക്കിയാല്‍ കൊട്ടയാട്, കൂളാമ്ബി, കോട്ടക്കടവ്, മണാട്ടി, ആനപ്പാറ, നരിയൻപാറ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പഴയപാലം ഉപയോഗിക്കാനും അതുവഴി ഗതാഗതം സൗകര്യപ്രദമാക്കാനും സാധിക്കും. പുതിയപാലം തുറന്ന് കൊടുക്കുന്നതിനോടൊപ്പം പഴയപാലം നിലനിർത്തി അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനുള്ള തുകകൂടി അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു
സിപിഎം കൊടുത്ത നിവേദനത്തിന്‍റെ ഭാഗമായി കരുവഞ്ചാല്‍ പഴയപാലം നിലനിർത്താൻ ആവശ്യമായ നടപടികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. എക്സിക്യൂട്ടീവ് എൻജിനിയർ ജി.എസ്. ജ്യോതി, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർ സേതുമാധവൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കൈവരികളും മറ്റും അറ്റകുറ്റപ്പണികള്‍ നടത്തി പാലം നിലനിർത്താൻ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ ഈ കാര്യങ്ങള്‍ പൊതുമരാമത്ത് വകുപ്പിനെ അറിയിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Post a Comment