ഉദയഗിരി: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടക്കനാലിന്‍റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു.
ഫാമിലെയും ഇതിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുമുള്ള മുഴുവന്‍ പന്നികളെയും അടിയന്തരമായി ഉന്മൂലനം ചെയ്ത് മാനദണ്ഡ പ്രകാരം സംസ്‌കരിക്കാൻ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടർ അരുണ്‍ കെ. വിജയന്‍ ഉത്തരവായി. ഉദയഗിരി പഞ്ചായത്തില്‍ രോഗം സ്ഥീരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കീലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും 10 കീലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും കളക്ടർ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണം ചെയ്യുന്നത് മൂന്നു മാസത്തേക്ക് നിരോധിച്ചിട്ടുണ്ട്. കൂടാതെ, വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോകുന്നതും നിരീക്ഷണ മേഖലയിലേക്ക് പന്നികളെ കൊണ്ടുവരുന്നതും കളക്ടർ നിരോധിച്ചു.
പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസർക്ക് നിര്‍ദേശം നല്‍കി. ഉദയഗിരി ഗ്രാമപഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളില്‍ നിന്ന് മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് പരിശോധിച്ചു അടിയന്തര റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ക്ക് കളക്ടർ നിർദേശം നല്‍കി.
പരിശോധന കർശനമാക്കും
മറ്റ് സംസ്ഥാനങ്ങളിലും ജില്ലകളിലും നിന്ന് പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പോലീസുമായും ആര്‍ടിഒയുമായും ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കര്‍ശനമായ പരിശോധന നടത്തും.
രോഗവിമുക്ത മേഖലയില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളുവെന്ന് ഉറപ്പുവരുത്തും. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍ കെഎസ്‌ഇ ബി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എന്നിവരുള്‍പ്പെട്ട സംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കളക്ടർ പറഞ്ഞു.
പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ആരോഗ്യ വകുപ്പും കെഎസ്‌ഇബി അധികൃതരും നല്‍കണം. ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികള്‍, വില്ലേജ് ഓഫീസര്‍മാര്‍, റൂറല്‍ ഡയറി ഡെവലപ്മെന്‍റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ വിവരം അറിയിക്കണം. വെറ്ററിനറി ഓഫീസര്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്‍റെ നേതൃത്വത്തില്‍ ഫാമുകളില്‍ അണുവിമുക്തമാക്കാനുള്ള പ്രവര്‍ത്തനം നടത്താനും കളക്ടര്‍ നിര്‍ദേശിച്ചു.
Post a Comment