നീറ്റില്‍ പുനപരീക്ഷയില്ല; വ്യാപക ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: നീറ്റില്‍ പുനപരീക്ഷയില്ലെന്ന് സുപ്രീംകോടതി. പുനപരീക്ഷ നടത്തുകയാണെങ്കില്‍ 24 ലക്ഷം വിദ്യാർഥികളെ അത് ബാധിക്കുമെന്നും കടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി. നീറ്റ് ചോദ്യ പേപ്പർ ചോർച്ചയില്‍ വ്യാപകമായ ക്രക്കേട് കണ്ടെത്താനായില്ലെന്നും കോടതി നിരീക്ഷിച്ചു. 

ഇതുവരെയുള്ള അന്വേഷണത്തിന്‍റെ റിപ്പോർട്ട് പരിശോധിച്ചു. കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിരുന്നോ എന്ന വിവരങ്ങളും തേടിയിരുന്നു. ഇതിന് ശേഷമാണ് പുനപരീക്ഷ വേണ്ടെന്ന് ഉത്തരവിടുന്നതെന്നും കോടതി വ്യക്തമാക്കി.

ഒരു പരീക്ഷയുടെ പുനപരീക്ഷ നടത്താൻ അതിന് ഒരു കാരണം വേണം. ഇതിന് വ്യാപകമായ ക്രമക്കേട് നടന്നു എന്ന് തെളിയണം. ഒരു സംവിധാന തകർച്ച ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

എന്നാല്‍ പരീക്ഷ നടത്തിപ്പില്‍ പോരായ്മകള്‍ ഉണ്ട്. ചില സ്ഥലങ്ങളില്‍ ചോർച്ചയുണ്ടായതായി വ്യക്തമാണ്. 155 വിദ്യാർഥികള്‍ക്ക് ആകെ ഇതിന്‍റെ ഗുണം ലഭിച്ചു എന്നാണ് വ്യക്തമായതെന്ന് കോ‌ടതി അറിയിച്ചു.

കൂടുതല്‍ വിദ്യ‌ാർഥികള്‍ക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ അവരെക്കൂടി ഈ സിസ്റ്റത്തില്‍നിന്ന് മാറ്റി നിർത്തേണ്ടിവരും. ഭാവിയില്‍ അത് തെളിയുകയാണെങ്കില്‍ ഈ വിദ്യാർഥികള്‍ക്ക് പരീക്ഷയുടെ ഒരു ആനുകൂല്യവും ലഭിക്കാതിരുക്കാനുള്ളനടപടി സ്വീകരിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.

കൂടുതല്‍ സ്ഥലങ്ങളില്‍ ക്രമക്കേട് കണ്ടെത്തുകയാണെങ്കില്‍ പുനപരീക്ഷയ്ക്ക് ഉത്തരവിടുമെന്ന് കോ‌ട‌തി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ അത്തരത്തില്‍ ഒരു സാഹചര്യം കോടതിക്ക് ബോധ്യപ്പെടാത്തതിനാലാണ് പുനപരീക്ഷ ഉണ്ടാകില്ലെന്ന് കോടതി അറിയിച്ചത്.

Post a Comment

Previous Post Next Post