ക്വാറിയില്‍നിന്നുള്ള മണ്ണ് റോഡില്‍; രാജഗിരിയില്‍ നിരവധി കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍

ചെറുപുഴ: രാജഗിരി കരിങ്കല്‍ ക്വാറിയില്‍നിന്നുള്ള മണ്ണ് റോഡരികില്‍ കൂട്ടിയിട്ടത് നിരവധി കുടുംബങ്ങളെ ഭീതിയിലാക്കുന്നു.
രാജഗിരി-ജോസ്ഗിരി പിഡബ്ല്യുഡി റോഡരികിലാണ് ക്വാറിയില്‍ നിന്നുള്ള മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്.

മഴ കൂടുതല്‍ ശക്തി പ്രാപിക്കുന്പോള്‍ ഇത് താഴേക്ക് പതിക്കുമെന്ന ഭീതിയിലാണ് രാജഗിരി ടൗണിനും ക്വാറിക്കു താഴെയുമായി കഴിയുന്ന നിരവധി കുടുംബങ്ങള്‍ കഴിയുന്നത്. ഇത് വൻദുരത്തിന് തന്നെ ഇടയാക്കും. അധികൃതർക്ക് ഇത് സംബന്ധിച്ച്‌ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. ചെറുപുഴ പഞ്ചായത്ത് അധികൃതർ കളക്ടറെ നേരില്‍ കണ്ടും പരാതി നല്‍കിയിരുന്നു.

പിന്നീട് രാജഗിരി - ജോസ്ഗിരി റോഡ് തകർന്നതിനേക്കുറിച്ചും പരാതി അയച്ചു. പരാതിയില്‍ ആർഡിഒ റവന്യൂ അധികൃതരോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്. ക്വാറി പ്രവർത്തിക്കുന്ന വാർഡംഗവും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഷാന്‍റി കലാധരൻ മണ്ണൊലിപ്പ് ഭീഷണി പഞ്ചായത്ത് ഭരണ സമിതിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടർന്ന് ഇന്നലെ പഞ്ചായത്തധികൃതർ ക്വാറി പ്രദേശം സന്ദർശിച്ചു. 

ശക്തമായ മഴയില്‍ മണ്ണൊലിപ്പ് ഉണ്ടാകാമെന്നും ഇത് അപകടകരമാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കെ.എഫ്. അലക്സാണ്ടർ പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, ചെയർപേഴ്സണ്‍ ഷാന്‍റി കലാധരൻ, പഞ്ചായത്ത് സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു. 

രാജഗിരി ക്വാറിയുടെ പ്രവർത്തനം തടയണം: കോണ്‍ഗ്രസ് 

ചെറുപുഴ: രാജഗിരി ക്വാറിയുടെ പ്രവർത്തനം തടയണമെന്നും രാജഗിരി - ജോസ്ഗിരി റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും സ്ഥലം സന്ദർശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, മരുതുംതട്ട്, ജോസ്ഗിരി മേഖലയിലെ ചെങ്കുത്തായ മലകള്‍ക്ക് നടുവിലാണ് രണ്ടു ക്വാറികളും ക്രഷറും പ്രവർത്തിക്കുന്നത്. 

പ്രവർത്തനാനുമതിശാസ്ത്രീയ പഠനത്തിന് ശേഷം മാത്രമേ അനുമതി നല്‍കാൻ പാടുള്ളൂ എന്ന് ജില്ലാ ദുരന്തനിവാരണ സമിതിയുടെ മുൻ അധ്യക്ഷനായ ജില്ലാ കളക്ടർ തന്നെ നേരിട്ട് സ്ഥലം സന്ദർശിച്ച്‌ റിപ്പോർട്ട് തയാറാക്കി നല്‍കിയിരുന്നു. 

സാങ്കേതിക കാര്യങ്ങളിലെ കോടതി ഉത്തരവിനെയും അത്തരം കോടതി ഉത്തരവുകള്‍ ചൂണ്ടി കാണിച്ചുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവുകളെയും മറയാക്കിയാണ് ഇപ്പോള്‍ പ്രവർത്തനാനുമതി നേടിയെടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പതിനായിരക്കണക്കിന് ക്യുബിക് മീറ്റർ മണ്ണ് കുത്തനെ നില്‍ക്കുന്ന മലയുടെ ചെരുവില്‍ കൂട്ടിയിരിക്കുന്നത് വലിയ അപകട ഭീഷണിയുയർത്തുന്നുണ്ട്. ചെറുപുഴ പഞ്ചായത്തിന്‍റെ മൗനത്തിലും ദുരൂഹതയുണ്ട്. 

പ്രശ്ന പരിഹാരത്തിന് നടപടി ഉണ്ടാകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് സ്ഥലം സന്ദർശിച്ച നേതാക്കളായ മനോജ് വടക്കേല്‍, ജയിംസ് രാമത്തറ, സെബാസ്റ്റ്യൻ കണ്ടത്തില്‍, പി. സുരേന്ദ്രൻ, ബാബു കണകൊമ്ബില്‍, ജായിസ് കണ്ടത്തില്‍, മൈക്കിള്‍ കുമ്ബുക്കല്‍, ബെന്നി കാനകാട്ട്, സ്കറിയ നടുവിലെകൂറ്റ് എന്നിവർ പറഞ്ഞു.

Post a Comment

Previous Post Next Post