ഷിരൂർ: ഗംഗാവലി നദിയില്‍ അടിയൊഴുക്കിനെ തുടർന്ന് അർജുനെ കണ്ടെത്താനെത്തിയ പ്രാദേശിക മുങ്ങല്‍ വിദഗ്ധരായ 'ഈശ്വർ മാല്‍പെ' സംഘത്തില്‍ നിന്നുള്ളവർ തിരികെ കരയ്ക്ക് കയറി.
രക്ഷാപ്രവർത്തകരെ ബന്ധിച്ചിരുന്ന വടം പൊട്ടിയതിനെ തുടർന്നാണ് തിരികെ കയറിയത്. ഉടുപ്പിക്ക് സമീപം മാല്‍പെയില്‍ നിന്നെത്തിയ 'ഈശ്വർ മാല്‍പെ' എന്ന സംഘത്തിലെ എട്ടുപേരാണ് നദിയില്‍ ഇറങ്ങി പരിശോധന നടത്തിയത്.
ഡൈവിങ്ങിനിടെ വടംപൊട്ടിയ രക്ഷാപ്രവർത്തകൻ ഒഴുക്കില്‍പ്പെട്ട് നൂറ് മീറ്ററോളം അകലത്തിലാണ് പൊങ്ങിയത്. രണ്ട് തവണ അടിത്തട്ട് പരിശോധിക്കാനുള്ള ശ്രമം നടത്തി തിരികെ കയറിയിരുന്നു. മൂന്നാം തവണ ഡൈവിങ് നടത്തിയപ്പോഴാണ് വടംപൊട്ടിയത്. കുത്തൊഴുക്കിനെ തുടർന്ന് നദിയില്‍ നിലയുറപ്പിക്കാൻ ബുദ്ധിമുട്ടാണെന്നാണ് സൂചന. ദൗത്യസംഘം വീണ്ടും നദിയിലിറങ്ങുമെന്നാണ് വിവരം.
നാലിടങ്ങളിലായാണ് രക്ഷാപ്രവർത്തകർക്ക് സിഗ്നല്‍ ലഭിച്ചത്. ഇതില്‍ നാലാമത്തെ സ്ഥലത്താണ് പരിശോധന നടത്തുന്നത്. അർജുൻറെ ലോറി ഈ പ്രദേശത്ത് ഉണ്ടെന്നാണ് ദൗത്യസംഘത്തിൻറെ വിലയിരുത്തല്‍. പുഴയിലെ മണ്‍കൂനയിലേക്ക് സംഘം രാവിലെ എത്തിയിരുന്നു. അടിയൊഴുക്കിനേക്കാള്‍ നദി കലങ്ങിമറിഞ്ഞ് ഒഴുകുന്നതാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. നദിക്കടിയിലെ യാതൊന്നും തന്നെ മുങ്ങല്‍ വിദഗ്ധർക്ക് കാണാനാവുന്നില്ലെന്നാണ് വിവരം.
മാല്‍പെയിലെ പ്രാദേശിക മത്സ്യ തൊഴിലാളികള്‍ കൂടിയാണ് ഈശ്വർ മാല്‍പെ സംഘം. നാവിക സേനക്ക് പോലും അസാധ്യമായ പലയിടത്തും ഇവർ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. സ്വന്തം റിസ്കില്‍ നദിയില്‍ ഇറങ്ങാമെന്ന് അറിയിച്ച് ഇവർ മുന്നോട്ടുവരികയായിരുന്നു. പ്രദേശത്തെ നദിയുടെ സ്വഭാവത്തേക്കുറിച്ച് ഇവർക്ക് കൂടുതല്‍ ധാരണയുണ്ടാകുമെന്ന കണക്കൂകൂട്ടലില്‍ കാർവാർ എസ്.പിയാണ് ഇവരെ രക്ഷാപ്രവർത്തനത്തനത്തിനായി ക്ഷണിച്ചത്.
Post a Comment