അഞ്ചാംദിനവും സ്വര്‍ണം വീണു; വീണ്ടും 54,000 രൂപയില്‍ താഴെ


കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാംദിനവും സ്വര്‍ണവില താഴേക്ക്. ഇതോടെ സ്വർണവില 11 ദിവസങ്ങള്‍ക്ക് ശേഷം 54,000 രൂപയില്‍ താഴെയെത്തി.
പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 53,960 രൂപയിലും ഗ്രാമിന് 6,745 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്‍റെ വില 5,605 രൂപയാണ്. 

കഴിഞ്ഞ നാലുദിവസവും പവന്‍ വില കുറവു രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 120 രൂപയും വെള്ളിയാഴ്ച 360 രൂപയും ശനിയാഴ്ച 280 രൂപയും തിങ്കളാഴ്ച 80 രൂപയുമാണ് ഇടിഞ്ഞത്. അഞ്ചുദിവസം കൊണ്ട് 1,040 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 

തുടർച്ചയായ രണ്ടുദിവസത്തെ കുതിപ്പിനു ശേഷമാണ് കഴിഞ്ഞ വ്യാഴാഴ്ച സ്വർണവില താഴേക്കുപോയത്. കഴിഞ്ഞ ചൊവ്വാഴ്ച പവന് 280 രൂപയും ബുധനാഴ്ച 720 രൂപയും വർധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലായിരുന്ന സ്വർണവില പുതിയ സർവകാല റിക്കാർഡില്‍ നിന്ന് പവന് 120 രൂപ മാത്രം അകലെ നില്ക്കെയാണ് വ്യാഴാഴ്ച കുറഞ്ഞത്.

മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില പിന്നീട് കഴിഞ്ഞ മാസം ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തുകയും പിന്നീട് വീണ്ടും 53,000 രൂപ കടക്കുകയുമായിരുന്നു.

പവന് 53,000 രൂപ എന്ന നിരക്കിലാണ് ഈമാസം ആദ്യം സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ആറിന് 54,120 രൂപയിലെത്തിയ സ്വർണം മാസത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വർണവില പത്തിന് 53,680 രൂപയിലേക്കെത്തി. തുടർന്നാണ് 12ന് വീണ്ടും 54,000 കടന്നത്.

ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. 

അതേസമയം, വെള്ളിയുടെ വിലയും ഒരു രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 95 രൂപയാണ്.

Post a Comment

Previous Post Next Post