ജമ്മുവില്‍ ഭീകരാക്രമണം; 5 സൈനികര്‍ക്ക് വീരമൃത്യു

ഡല്‍ഹി: ജമ്മു കശ്മീരില്‍ കത്വ ജില്ലയിലെ മച്ചേദി മേഖലയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 5 സൈനികർക്ക് വീരമൃത്യു.
ആറ് സൈനികർക്ക് പരിക്കേറ്റു.

കത്വയില്‍ നിന്ന് 150 കിലോമീറ്റർ അകലെ കരസേനയുടെ 9 കോർപ്‌സ് യൂണിറ്റിന്റെ പരിധിയില്‍ ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം. റോന്തുചുറ്റുകയായിരുന്ന സൈനിക വാഹനങ്ങളാണ് ബിലാവർ മേഖലയിലെ ലോയി മല്‍ഹാറിലുള്ള ബഡ്‌നോഡയില്‍ ആക്രമണത്തിന് ഇരയായത്. ഭീകരർ സൈനിക ട്രക്കിനു നേരെ ഗ്രനേഡ് എറിയുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു. മൂന്ന് ഭീകരരാണ് അക്രമത്തിന് പിന്നിലെന്നും തിരിച്ചടിച്ചതായും കരസേന അറിയിച്ചു. ഏറെനേരം വെടിവയ്‌പുണ്ടായി. അടുത്ത കാട്ടിലേക്ക് ഓടി മറഞ്ഞ ഭീകരർക്കായി തെരച്ചില്‍ നടക്കുകയാണ്.

48 മണിക്കൂറിനിടെ ജമ്മു മേഖലയില്‍ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂലായ് ഏഴിന് രജൗരി ജില്ലയിലെ മജകോട്ട് മേഖലയില്‍ സൈനിക ക്യാമ്ബിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു.

കുല്‍ഗാം ജില്ലയില്‍ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ആറ് ഭീകരർ കൊല്ലപ്പെട്ടു.

Post a Comment

Previous Post Next Post