ചെറുപുഴ :കർണാടക വനത്തിൽനിന്ന്. കോഴിച്ചാൽ ഐ.എച്ച്.ഡി.പി. കോളനിയിൽ ഒറ്റയാനിറങ്ങി നാശം വിതച്ചു. കർണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലാണ് കോളനിയുള്ളത്. മഴ ആരംഭിച്ചപ്പോൾ തന്നെ ഒറ്റയാനെത്തിയത് പ്രദേശത്തെ ഭീതിയിലാഴ്ത്തി. നിരവധി വീടുകളുടെ മുറ്റത്തു കൂടിയാണ് ആന നടന്നുപോയത്.
കോളനിയിലെ കരോട്ടുപുറത്ത് ജോണി, കരോട്ടുപുറത്ത് രാജു, വെട്ടത്തുകുന്നേൽ ആഗസ്തി, തമ്പില്ലത്ത് കമലാദേവി, തൃക്കോമല മാത്യു, പാലക്കുന്നേൽ ബിനോ, കുന്നേൽ തോമസ്, കുന്നേൽ ഔസേപ്പ് എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ്, പ്ലാവ് തുടങ്ങിയ കൃഷിയിടങ്ങളിലാണ് ഒറ്റയാൻ നാശം വിതച്ചത്.
കർണാടക വനാതിർത്തിയിൽ നേരത്തെ കിടങ്ങ് കുഴിച്ചിരുന്നു. എന്നാൽ കിടങ്ങിന്റെ ആഴം കുറഞ്ഞ ഭാഗത്തുകൂടിയാണ് ആന വന്നത്. ഇവിടെ ഉണ്ടായിരുന്ന വൈദ്യുതിവേലിയും തകരാറിലാണ്. ഇവ ഉടനെ നന്നാക്കിയില്ലെങ്കിൽ ആനയെ പേടിച്ച് കിടന്നുറങ്ങാൻ കഴിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
Post a Comment