കണ്ണൂർ: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് കാമറയിലൂടെ നാലുമാസത്തിനിടെ ജില്ലയില്‍ കുടുങ്ങിയത് 1,07,239 പേർ.
ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണിത്.
ഏറ്റവും കൂടുതല്‍ നിയമലംഘനം നടന്നത് ഏപ്രില്‍ മാസത്തിലാണ് (30592). മട്ടന്നൂരിലെ എന്‍ഫോഴ്സ്മെന്‍റ് ആര്‍ടി ഓഫിസിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ദൃശ്യങ്ങള്‍ പരിശോധിച്ച് പിഴ ചുമത്തുന്നത്.
എന്നാല്‍, ഇപ്പോള്‍ കാമറയില്‍ കുടുങ്ങുന്നവർക്ക് തപാല്‍ മാര്‍ഗം ചലാന്‍ നോട്ടിസ് അയയ്ക്കുന്നത് ജില്ലയില്‍ പൂര്‍ണമായും നിലച്ചിട്ടാണുള്ളത്. കാമറ കണ്ടെത്തുന്ന നിയമലംഘനം വാഹനമുടമയ്ക്ക് ഫോണില്‍ ലഭിക്കണമെങ്കില്‍ ഫോണ്‍ നമ്ബറും വാഹന നമ്ബറും ബന്ധിപ്പിക്കേണ്ടതുണ്ട്. ബന്ധിപ്പിക്കാത്തവര്‍ക്ക് തപാല്‍ മാര്‍ഗമാണ് നോട്ടിസ് ലഭിക്കുന്നത്.
എന്നാല്‍, തപാല്‍ വകുപ്പിന് പണം കുടിശികയായതോടെ കഴിഞ്ഞ ആറുമാസത്തിലധികമായി ജില്ലയില്‍ പിഴയൊടുക്കേണ്ടത് സംബന്ധിച്ച നോട്ടിസ് വിതരണം ചെയ്തിട്ടില്ല. ഇതോടെ പലരും എഐ കാമറ പ്രര്‍ത്തിക്കുന്നില്ലെന്ന ധാരണയിലാണ്. എഐ കാമറ സ്ഥാപിച്ച സമയത്തുണ്ടായ സുരക്ഷാകരുതലും പലരും മറന്നു.
മട്ടന്നൂരിലെ കാമറ നിരീക്ഷണ മുറികളിലെ കെല്‍ട്രോണ്‍ ജീവനക്കാരെ കമ്ബനി പിന്‍വലിച്ചിട്ടുണ്ട്. കെഎസ്‌ഇബിക്കും കരാര്‍ കമ്ബനി പണം നല്‍കാനുണ്ട്. കെഎസ്‌ഇബി വൈദ്യുത ബന്ധം വിച്ഛേദിച്ചാല്‍ റോഡ് കാമറകള്‍ പൂര്‍ണമായും പണിമുടക്കുന്ന അവസ്ഥയാണ്.
കാമറകള്‍ പ്രവർത്തന രഹിതം
ജില്ലയില്‍ 50 കാമറകളാണ് സ്ഥാപിച്ചിരുന്നത്. ഇതില്‍ രണ്ടെണ്ണം ഇപ്പോള്‍ പ്രവർത്തനരഹിതമാണ്. കരാര്‍ കമ്ബനിയായ കെല്‍ട്രോണിന് കോടികളുടെ കുടിശികയാണ് സര്‍ക്കാര്‍ കൊടുക്കാനുള്ളത്. 25 ലക്ഷം നോട്ടിസ് അയച്ചുകഴിഞ്ഞാല്‍ പിന്നെ സര്‍ക്കാര്‍ പണം നല്‍കിയാല്‍ മാത്രമേ നോട്ടിസ് അയക്കുവെന്നാണ് കെല്‍ട്രോണ്‍ നിലപാട്. ടാര്‍ജറ്റ് പൂര്‍ത്തിയായതിനാല്‍ പണം ആവശ്യപ്പെട്ട് കെല്‍ട്രോണ്‍ സര്‍ക്കാരിന് കത്ത് നല്‍കി.
കരാറില്‍ ഇല്ലാത്ത കാര്യമായതിനാല്‍ പണം നല്‍കാനില്ലെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. അതിനാല്‍ വ്യവസായ വകുപ്പും ഗതാഗത വകുപ്പും തമ്മില്‍ എഐ കാമറയുമായി ബന്ധപ്പെട്ട് പുതിയ കരാറുണ്ടാക്കാന്‍ ധാരണയുണ്ടാക്കി എന്നാണ് അധികൃതര്‍ പറയുന്നത്.
കരാര്‍പ്രകാരം നിയമലംഘനം കണ്ടെത്തിയാല്‍ ഒരാഴ്ചക്കുള്ളില്‍ നിയമലംഘകര്‍ക്ക് നോട്ടിസ് അയച്ച് പിഴ അടപ്പിക്കാനാണ് ഉദ്ദേശം. പുതിയ കരാര്‍ രണ്ടാഴ്ചക്കുള്ളില്‍ നിലവില്‍ വരാനാണ് സാധ്യത.
സ്വന്തം ലേഖിക
Post a Comment