ചപ്പാരപ്പടവ്: ഒരു പ്രദേശത്തിന്‍റെ സ്വപ്നമായ മംഗര പാലത്തിന്‍റെ പ്രവൃത്തി മന്ദഗതിയിലായത് സ്വപ്നത്തേക്കാള്‍ കൂടുതല്‍ ആശങ്ക ഉയർത്തുന്നു.
11 കോടിയില്‍പരം രൂപ ചിലവഴിച്ച് 175 മീറ്റർ നീളത്തിലും പതിനൊന്നര മീറ്റർ വീതിയിലും ആണ് പാലം നിർമിക്കുന്നത്. ചപ്പാരപ്പടവ് പുഴയില്‍ മംഗരയില്‍ പുഴയ്ക്ക് കുറുകെ 2022 നവംബറില്‍ പണി തുടങ്ങിയ പാലത്തിന്‍റെ പ്രവൃത്തി ഇതുവരെയും പൂർത്തീകരിക്കാത്തതാണ് പ്രദേശവാസികളുടെ ആശൃട്ടങ്കയ്ക്ക് കാരണമായിരിക്കുന്നത്.
2024 മാർച്ചില്‍ പണി പൂർത്തീകരിക്കണം എന്ന ഉറപ്പോടുകൂടി പാലത്തിന്‍റെ നിർമാണ ഉദ്ഘാടന വേളയില്‍ സ്ഥലം എംഎല്‍എ എം.വി. ഗോവിന്ദൻ കരാറുകാരനോട് പറഞ്ഞിരുന്നത്. യാതൊരു കാരണവശാലും ഇത് തെറ്റിക്കാൻ പാടില്ല എന്നും പറഞ്ഞിരുന്നത് ജലരേഖയായി മാറി. കരാറുകാരൻ പണി വൈകിപ്പിക്കുകയും ഇപ്പോള്‍ സമയം നീട്ടി മേടിച്ചതായും കരാറുകാരൻ പറയുന്നു.
പാലത്തിന് ആവശ്യമായ ബീമുകള്‍ പുഴയിലാണ് നിർമിച്ചു വച്ചിരിക്കുന്നത്. ഇതു പുഴയ്ക്ക് കുറുകെ ആയതിനാല്‍ വെള്ളത്തിന്‍റെ ഒഴുക്കിനും തടസമായിരിക്കുകയാണ്.
ഇപ്പോള്‍ പുഴയുടെ മധ്യ ഭാഗത്ത് കൂടി വെള്ളം ഒഴുകുന്നതിനാല്‍ അവിടം കുത്തി ഒഴുകുകയാണ്. മഴ ശക്തമായാല്‍ പുഴയില്‍ മണ്ണിടിച്ചിലിനും ചിലപ്പോള്‍ നിർമാണം പൂർത്തീകരിച്ചിരിക്കുന്ന ഫില്ലറിനും ഉള്‍പ്പെടെ കേടുപാടുകള്‍ സംഭവിക്കാൻ സാധ്യതയുണ്ട്. പുഴയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കും മാറ്റം വരാം. പുഴയോരത്തുള്ള കാർഷിക വിളകളും നശിച്ചു പോകാൻ കാരണമാകാം. ബീമുകള്‍ എത്രയും വേഗം എടുത്തു മാറ്റി പാലം പണി പൂർത്തീകരിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ബീമുകള്‍ ഉയർത്താനുള്ള ക്രെയിനുകള്‍ എത്താത്തതാണ് പ്രവൃത്തി പുരോഗമനത്തിന് തടസമായിരിക്കുന്നതെന്ന് കോണ്‍ട്രാക്ടർ പറയുന്നു.
Post a Comment