കണ്ണൂർ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള സാന്പത്തികതട്ടിപ്പ് വ്യാപകമാകുന്നു.
കണ്ണൂർ സൈബർ പോലീസ് ഒരു ദിവസം തന്നെ അഞ്ചുകേസുകള്‍ രജിസ്റ്റർ ചെയ്തു.
മയ്യില്‍ സ്വദേശിക്ക് വൻ തുക നഷ്ടമായി
റിലയൻസ് കമ്ബനിയുടെ ഉടമസ്ഥതയിലുള്ള സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡായ കാമ്ബ കോളയുടെ ഡീലർഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് മയ്യില്‍ സ്വദേശിയില്‍ നിന്നും 12,45,925 രൂപ തട്ടിയെടുത്തു. കമ്ബനിയുടെ വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്ത പരാതിക്കാരനെ ഇ-മെയില്‍ വഴി കമ്ബനി സ്റ്റാഫ് ആണെന്ന വ്യാജേന ബന്ധപ്പെട്ടാണ് തട്ടിപ്പിന് ഇരയാക്കിയത്.
മറ്റൊരു പരാതിയില്‍ ഫേസ്ബുക്കില്‍ മാരുതി ഗാർമെൻസ് അഹമ്മദാബാദില്‍ നിന്നും ഡ്രസ് ഐറ്റം പർച്ചേസ് ചെയ്‌ത മട്ടന്നൂർ സ്വദേശിക് 5200 രൂപ നഷ്ടപ്പെട്ടു. 17231 രൂപയുടെ പർച്ചേസിന് 5200 രൂപ അഡ്വാൻസും ബാക്കി തുക ക്യാഷ് ഓണ്‍ ഡെലിവറി ആയും നല്‍കിയാല്‍ മതിയെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.സംഭവത്തില്‍ സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയ വഴി സൗഹൃദം നടിച്ച് തട്ടിപ്പ്
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയകള്‍ വഴി സൗഹൃദം നടിച്ച് പണം തട്ടുന്ന സംഘം സജീവമാകുന്നു. ഇത്തരക്കാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സൈബർ പോലീസ്.
സോഷ്യല്‍ മീഡിയകള്‍ വഴി നിരന്തരം സന്ദേശങ്ങള്‍ അയച്ച് സൗഹൃദം സ്ഥാപിച്ചാണ് പലരേയും തട്ടിപ്പിനിരയാക്കുന്നത്. മുഴപ്പാല സ്വദേശിക്ക് 1,90,000 രൂപ നഷ്ടപ്പെട്ടു. പരാതിക്കാരിയുമായി ഫേസ്ബുക്കില്‍ ലണ്ടനില്‍ നിന്നുമുള്ള ഡോക്‌ടർ ആണെന്ന വ്യാജേന സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് പരാതിക്കാരിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും പറയുന്നു. ശേഷം നിങ്ങളുടെ പേരില്‍ ഒരു പാർസല്‍ വന്നിട്ടുണ്ടെന്നും അത് ലഭിക്കുന്നതിന് കസ്റ്റംസ് ക്ലിയറൻസിനായി പറയുന്ന അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുക്കണമെന്നും പറഞ്ഞ് പാർസല്‍ കമ്ബനിയില്‍ നിന്നാണെന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പിനിരയാക്കിയത്.
മുംബൈ പോലീസ് ആണെന്ന വ്യാജേന തട്ടിപ്പ്
മുംബൈ പോലീസ് ആണെന്ന വ്യാജേന ഫോണ്‍ ചെയ്ത് മട്ടന്നൂർ സ്വദേശിയില്‍ നിന്നും 3,54,478 രൂപ തട്ടിയെടുത്തതായി പരാതി. പരാതിക്കാരന്‍റെ പേരില്‍ ഒരു കൊറിയർ ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അതില്‍ നിങ്ങളുടെ പേരിലുള്ള കാലാവധി കഴിഞ്ഞ പാസ്പോർട്ട്, ക്രെഡിറ്റ് കാർഡ് , മാരക മയക്കുമരുന്നായ എംഡിഎം എ എന്നിവ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുബൈ പോലീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഫോണ്‍ വിളിക്കുകയായിരുന്നു.
ശേഷം ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റ് ആവശ്യപ്പെടുകയും പരാതിക്കാരന്‍റെ അക്കൗണ്ടിലെ പണം ആർബിഐ വേരിഫിക്കേഷനു വേണ്ടി അയാള്‍ പറയുന്ന അക്കൗണ്ടിലേക് അയച്ചു നല്‍കാൻ ആവശ്യപ്പെടുകയും അത് വിശ്വസിച്ച പരാതിക്കാരൻ 3,54.478 രൂപ നല്‍കുകയായിരുന്നു. പിന്നീട് ഇത് ഒരു തട്ടിപ്പാണെന്ന് മനസിലായതോടെയാണ് പോലീസില്‍ പരതി നല്‍കിയത്.
ലോണിന് അപേക്ഷിച്ച് പണം നഷ്‌ടമായി
പേഴ്സണല്‍ ലോണിന് അപേക്ഷിച്ച് തലശേരി സ്വദേശിക്ക് 2800 രൂപ നഷ്ടപ്പെട്ടു. ഫേസ്ബുക്കില്‍ പേർസണല്‍ ലോണിനായിയുള്ള പരസ്യം കണ്ട് വാട്സാപ്പ് വഴി ബന്ധപ്പെടുകയും തുടർന്ന് പ്രോസസിംഗ് ചാർജായി പണം ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ 2800 രൂപ നല്‍കുകയായിരുന്നു. പിന്നീട് ആവശ്യപ്പെട്ട ലോണ്‍ ലഭിക്കാതെ വഞ്ചിക്കപ്പെടുകയായിരുന്നു.
Post a Comment