കൊതുക്, ജലജന്യ രോഗങ്ങള്‍; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

കണ്ണൂർ: ജില്ലയില്‍ കടുത്ത വേനലിനെ തുടര്‍ന്ന് കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിലും ഇടവിട്ട് മഴ ലഭിച്ച സാഹചര്യത്തിലും കൊതുക് ജന്യ, ജല ജന്യ രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത്തരം രോഗങ്ങള്‍ക്ക് എതിരേ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ജില്ലയില്‍ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുക് ജന്യ രോഗങ്ങളും മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും വര്‍ധിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നു. ആരോഗ്യ വകുപ്പിന്‍റെ കണക്ക് പ്രകാരം ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 1149 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 2023ല്‍ 79 ഉം 2022ല്‍ 40 ഉം മാത്രമായിരുന്നു ഡെങ്കിപ്പനി ബാധിച്ചവര്‍.

ജില്ലയിലെ സാംക്രമിക രോഗങ്ങളുടെ നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യുന്നതിനും മഴക്കാല പൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുമായി ഏകോപിച്ച്‌ നടപ്പിലാക്കുന്നതിനും ആയി എഡിഎം നവീന്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍റേതാണ് ഈ വിലയിരുത്തല്‍. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി. സച്ചിന്‍ ജില്ലയിലെ സ്ഥിതിവിവര കണക്കുകള്‍ അവതരിപ്പിച്ചു.

ഹെപ്പറ്റൈറ്റിസ്-എ അഥവാ മഞ്ഞപ്പിത്ത രോഗവും ജില്ലയില്‍ വര്‍ധിക്കുന്നതായാണ് കണക്ക്. 2023ല്‍ 28 പേര്‍ക്കാണ് രോഗം ബാധിച്ചതെങ്കില്‍ ഈ വര്‍ഷം 145 പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുണ്ടായി. ജില്ലയിലെ ചില പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത ഔട്ട് ബ്രേക്ക് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് രോഗതോത് വര്‍ധിക്കാനുള്ള കാരണം. മലിനമായ കിണറുകളും വിവാഹം തുടങ്ങിയ പാര്‍ട്ടികളിലെ വെല്‍ക്കം ഡ്രിങ്ക് തുടങ്ങിയവയും മേളകളില്‍ വില്‍ക്കപ്പെടുന്ന ഐസ് ജ്യൂസ് എന്നിവയും രോഗം പകരുന്നതിന് കാരണമാകുന്നുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പ്രതിരോധ നിര്‍ദേശങ്ങള്‍

കടുത്ത വേനലിനെ തുടര്‍ന്ന് കുടിവെള്ളമടക്കം മലിനമാകാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശം.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും പാചകത്തിനും ഉപയോഗിക്കുക, കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക, തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ഒഴിവാക്കുക, മലമൂത്ര വിസര്‍ജന ശേഷം കൈകാലുകള്‍ കഴുകുക, ഭക്ഷണം കഴിക്കുന്നതിന് മുമ്ബും ശേഷവും കൈകള്‍ കഴുകുക, പൊതു ടാപ്പുകളും കിണറുകളും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ജലജന്യ രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലായി നിര്‍ദേശിച്ചിട്ടുള്ളത്. 

എലികളാണ് എലിപ്പനി പടര്‍ത്തുന്നത്. അതിനാല്‍ എലി മൂത്രം കലരാന്‍ സാധ്യതയുള്ള വെള്ളവുമായി സമ്ബര്‍ക്കമുണ്ടാകുന്നത് ഒഴിവാക്കുകയാണ് പ്രധാനം. ശരീരത്തില്‍ മുറിവോ വിണ്ട് കീറിയ പാദങ്ങളോ ഉള്ളവര്‍ എലി മൂത്രം കലര്‍ന്ന വെള്ളത്തില്‍ കാല്‍വയ്ക്കുകയോ കുളിക്കുകയോ ചെയ്താല്‍ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കും. അതിനാല്‍ ഇത്തരമാളുകള്‍ മലിന ജലത്തില്‍ ചവിട്ടുന്നത് പോലും ഒഴിവാക്കണം. കണ്ണുകള്‍, വായ എന്നിവയിലൂടെയും ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കാം.

എലി പെറ്റുപെരുകുന്ന സാഹചര്യം ഒഴിവാക്കുക, ശരീരത്തില്‍ മുറിവ്, വിണ്ടുകീറിയ പാദം എന്നിവ ഉള്ളവര്‍ മലിന ജല സമ്ബര്‍ക്കം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക എന്നിവയാണ് എലിപ്പനി പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍. തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷ തൊഴിലാളികള്‍, തെങ്ങുകയറ്റ തൊഴിലാളികള്‍, കര്‍ഷകര്‍, മൃഗ പരിപാലകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി മലിന ജല സമ്ബര്‍ക്ക സാധ്യതയുള്ള തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഡോക്‌സി സൈക്ലിന്‍-200 മില്ലിഗ്രാം ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം കഴിച്ചാല്‍ രോഗ സാധ്യത തടയാനാകും.

ഡ്രൈ ഡേ ആചരണം 

കൊതുകുകളുടെ ഉറവിട നശീകരണത്തിന് പ്രധാമാണ് ഡ്രൈഡേ ആചരണം. ഏഴു മുതല്‍ 10 ദിവസം വരെയാണ് ഒരു കൊതുക് മുട്ടയിട്ട് പൂര്‍ണ വളര്‍ച്ച എത്തിയ കൊതുക് ആയി മാറുന്നതിനുള്ള സമയം. അതിനിടയില്‍ കൊതുകിന്‍റെ ഉറവിടം നശിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ ആ പ്രദേശത്ത് കൊതുക് വളരാനുള്ള സാധ്യത ഇല്ലാതാക്കാനാകും. ഇതിനാണ് ഡ്രൈ ഡേ ആചരിക്കുന്നത്.

കൊതുക് വളരാന്‍ സാധ്യതയുള്ള ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, ചിരട്ടകള്‍, ടാങ്കുകള്‍ ഇവ ആഴ്ചയില്‍ ഒരു ദിവസം വൃത്തിയാക്കുക, കുടിവെള്ളവും മറ്റും സൂക്ഷിക്കുന്നതിനായി ഉള്ള പാത്രങ്ങള്‍ ഒരു ദിവസം ഉരച്ച്‌ വൃത്തിയാക്കി കഴുകി വെയിലത്ത് ഉണക്കുക. നിര്‍മാണ കേന്ദ്രങ്ങളിലെ ജല സംഭരണികള്‍ ആഴ്ചയില്‍ ഒരു ദിവസം വൃത്തിയാക്കുക. വീടുകളിലെ ഇന്‍ഡോര്‍ പ്ലാന്‍റുകള്‍, ഫ്രിഡ്ജ് ട്രേ എന്നിവയിലെ വെള്ളം ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധമായും മാറ്റുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഡ്രൈഡേ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

Post a Comment

Previous Post Next Post