നടുവിൽ നിര്‍മാണ തൊഴിലാളി മരിച്ച നിലയില്‍

നടുവില്‍: കെട്ടിട നിർമാണത്തിനായി എത്തിയ നിർമാണ തൊഴിലാളിയെ പണി നടക്കുന്ന കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ലക്ഷ്മണ പാണ്ഡ്യൻ (സ്വാമി -50) നെയാണ് ഇന്നലെ രാവിലെ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.

നടുവില്‍ എരോടിയിലുള്ള സ്വകാര്യ വ്യക്തിയുടെ വീടിന്‍റെ നിർമാണ പണിക്ക് എത്തിയതായിരുന്നു ഇയാള്‍. വെള്ളിയാഴ്ച വൈകുന്നേരം നന്നായി മദ്യപിച്ചിരുന്ന ഇയാള്‍ കെട്ടിടത്തിനകത്തും ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു തമിഴ്നാട് സ്വദേശി പുറത്തുമാണ് കിടന്നത്. 

ഇന്നലെ രാവിലെ പണി തുടങ്ങാനായി ഇയാളെ നോക്കിയപ്പോഴാണ് കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ കിടന്നിരുന്ന ആള്‍ താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടത്. കുടിയാന്മല എസ്‌ഐ പി.വി.കെ. രാജീവന്‍റെ നേതൃത്വത്തില്‍ മൃതദേഹം ഇൻക്വസ്റ്റ് നടത്തി അസ്വഭാവിക മരണത്തിന് കേസെടുത്തു. കണ്ണൂരില്‍ നിന്നും ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. 

പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കണ്ണൂർ പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരിച്ചയാള്‍ തിരുനെല്‍വേലി സ്വദേശിയാണെന്ന് ഒപ്പമുള്ള തൊഴിലാളികള്‍ പറഞ്ഞെങ്കിലും ഇയാളുടെ മേല്‍വിലാസം വ്യക്തമാകുന്ന രേഖകളൊന്നും പോലീസിന് ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post