തിരുവനന്തപുരം: റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി. ഓണ്‍ലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനമാണു പരിഷ്‌കരിച്ചത്.
നിലവിലുള്ള റീഫണ്ട് നിയമങ്ങള്‍ക്കു പുറമെ യാത്രക്കാർക്ക് കൂടുതല്‍ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈൻ റിസർവേഷൻ പോളിസി പരിഷ്‌കരിച്ചിരിക്കുന്നത്.
1. ഓണ്‍ലൈൻ റിസർവേഷൻ സേവനദാതാവ് മൂലമുണ്ടാകുന്ന സാങ്കേതികപിഴവുകള്‍ക്ക് സേവനദാതാവില്‍ നിന്നുതന്നെ പിഴ ഈടാക്കി തുക യാത്രക്കാർക്ക് നല്‍കും.
2. സർവീസ് റദ്ദാക്കല്‍ മൂലമുള്ള റീഫണ്ടുകള്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ തിരികെ യാത്രക്കാർക്കു നല്‍കും.
(റീഫണ്ട് തുക നിലവിലെ ബാങ്കിങ് നിയമങ്ങള്‍ക്കു വിധേയമായി അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും)
3. വാഹനത്തില്‍ തകരാർ/അപകടം/മറ്റെന്തെങ്കിലും കാരണങ്ങളാല്‍ നിശ്ചിത ദൂരത്തേക്ക് സർവീസ് നടത്താതെ വന്നാല്‍ രണ്ടു ദിവത്തിനുള്ളില്‍ തന്നെ റീഫണ്ട് ചെയ്യും. ഇതിന് ആവശ്യമായ രേഖകള്‍ ഇൻസ്‌പെക്ടർ/ബന്ധപ്പെട്ട ഇദ്യോഗസ്ഥർ ഐ.ടി ഡിവിഷനില്‍ കാലതാമസം കൂടാതെ നല്‍കണം.
4. റീഫണ്ട് നല്‍കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജാരാക്കുന്നതിലോ രേഖകള്‍ ലഭിച്ചതിനുശേഷം റീഫണ്ട് നല്‍കുന്നതിലോ ഉദ്യോഗസ്ഥരില്‍നിന്നു കാലതാമസം നേരിട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്നു പിഴയായി ഈ തുക ഈടാക്കും.
5. രണ്ട് മണിക്കൂറിലധികം വൈകി സർവീസ് പുറപ്പെടുകയോ സർവീസ് നടത്താത്ത സാഹചര്യമോ ഉണ്ടായാല്‍ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കില്‍ മുഴുവൻ തുകയും തിരികെനല്‍കും.
6. റിസർവേഷൻ സോഫ്റ്റ്വെയറിന്റെ സാങ്കേതിക തകരാർ കാരണം ട്രിപ്പ് ഷീറ്റില്‍ ടിക്കറ്റ് വിശദാംശങ്ങള്‍ കാണാത്ത സാഹചര്യം ഉണ്ടായാല്‍ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കില്‍ മുഴുവൻ തുകയും തിരികെനല്‍കും.
7. നിശ്ചിത പിക്കപ്പ് പോയിന്റില്‍നിന്ന് യാത്രക്കാരനെ ബസ്സില്‍ കയറ്റിയില്ലെങ്കില്‍ ഈ ക്ലൈമിന് കെ.എസ്.ആർ.ടി.സി ഉത്തരവാദി ആണെങ്കില്‍ മുഴുവൻ തുകയും യാത്രക്കാരന് തിരികെനല്‍കും
8. ഷെഡ്യൂള്‍ ചെയ്ത ഉയർന്ന ക്ലാസ് സർവീസിന് പകരം ലോവർ ക്ലാസ് സർവീസ് ഉപയോഗിച്ചാണ് യാത്രക്കാർ യാത്ര ചെയ്തതെങ്കില്‍ യാത്രാനിരക്കിലെ വ്യത്യാസം തിരികെനല്‍കും
9. യാത്രയ്‌ക്കിടെ ക്ലൈമിന്റെ പ്രൂഫ് ഹാജരാക്കാത്തതിനാല്‍ യാത്രക്കാർക്ക് ഓണ്‍ലൈൻ മൊബൈല്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ഇ.ടി.എം ടിക്കറ്റ് വാങ്ങി യാത്രക്കാരൻ ഇതേ ബസ്സില്‍ യാത്ര ചെയ്തിരിക്കണമെന്ന നിബന്ധനയ്‌ക്ക് വിധേയമായി അടിസ്ഥാനനിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യും. ഇ.ടി.എം ടിക്കറ്റിന്റെ പകർപ്പ് നിർബന്ധമാണ്. യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കില്‍ റീഫണ്ട് അനുവദിക്കില്ല.
നിലവിലെ റിസർവേഷൻ പോളിസിയിലുള്ള ന്യൂനതകള്‍ പരിഹരിക്കുന്നതിനായി കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരിശോധനയുടെ ഫലമായാണ് യാത്രക്കാർക്ക് ഗുണകരമായ രീതിയില്‍ ടിക്കറ്റ് റിസർവേഷൻ പോളിസി വിപുലീകരിച്ചത്. ഓണ്‍ലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും പരാതികള്‍ക്കും rnsksrtc@kerala.gov.in എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം.
Post a Comment