തലവേദന, ഓക്കാനം, മയക്കം; സോഡിയം കുറയുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകരുത് ചികിത്സ

ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ അവിഭാജ്യ ഘടകങ്ങളാണ് ഇലക്‌ട്രോലൈറ്റ്സ്. അതില്‍ ഏറ്റവും പ്രധാനമായ ചിലതാണ് സോഡിയം, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ബൈകാർബണേറ്റ്, ക്ലോറൈഡ് മുതലായവ.


ഇവയുടെ അനുവദനീയമായ അളവില്‍ വരുന്ന ചെറിയ വ്യത്യാസങ്ങള്‍ പോലും നമ്മുടെ ശരീരത്തിനെ സാരമായി ബാധിക്കുന്നു. ശരീരകോശങ്ങള്‍ക്കകത്തും പുറത്തുമുള്ള ജലാംശത്തെ, ഇലക്‌ട്രോലൈറ്റുകളുടെ സഹായത്തോടെയാണ് കോശങ്ങള്‍ക്കിടയിലെ വൈദ്യുതപ്രവാഹത്തിന് ഉപയോഗപ്പെടുത്തുന്നത്.
സോഡിയത്തിന്റെ പങ്ക്
ശരീരത്തിലെ നിരവധി സുപ്രധാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മൂലകമാണ് സോഡിയം. രക്തസമ്മർദം നിയന്ത്രിക്കാനും നാഡികലിലൂടെയുള്ള സംവേദനപ്രവാഹത്തെ നിയന്ത്രിക്കാനും സോഡിയം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രക്തത്തില്‍ സോഡിയത്തിന്റെ അസന്തുലിതാവസ്ഥയെക്കുറിച്ച്‌ ഇപ്പോള്‍ സ്ഥിരമായി കേട്ടുതുടങ്ങിയിരിക്കുന്നു.
ശരീരത്തിനാവശ്യമായ സോഡിയം ഏറിയ പങ്കും ലഭിക്കുന്നത് കറിയുപ്പിലൂടെയാണ്. മത്സ്യം, മാംസം, മുട്ട, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, റൊട്ടി എന്നിവയാണ് മറ്റ് സ്രോതസ്സുകള്‍.

ശരീരത്തില്‍ എത്തിപ്പെടുന്ന സോഡിയം വിയർപ്പിലൂടെയും മൂത്രത്തിലൂടെയും നഷ്ടപ്പെടുന്നു. ആരോഗ്യമുള്ള വൃക്കകള്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന സോഡിയത്തിന്റെ അളവ് നിയന്ത്രിക്കും.
സോഡിയത്തിന്റെ ഭൂരിഭാഗവും രക്തത്തിലും കോശങ്ങള്‍ക്ക് ചുറ്റുമുള്ള പ്ലാസ്മ ദ്രവത്തിലുമാണ് കാണപ്പെടുന്നത്. രക്തത്തിലെ സോഡിയത്തിന്റെ നോർമല്‍ അളവ് 135-145 mmol|ltr ആണ്. തലച്ചോറിലെ ഹൈപ്പോതലാമസ്, വൃക്കകള്‍, അഡ്രീനല്‍ ഗ്രന്ഥികള്‍ മുതലായവയാണ് സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. അതുകൊണ്ടുതന്നെ മേല്‍പ്പറഞ്ഞ അവയവങ്ങള്‍ക്കുണ്ടാകുന്ന തകരാറുമൂലം ശരീരത്തിലെ സോഡിയത്തിന്റെ സന്തുലിതാവസ്ഥ താറുമാറാകാം.
പ്രായം കൂടുമ്ബോള്‍
പ്രായമായവരിലാണ് സോഡിയം അസന്തുലിതാവസ്ഥ കൂടുതലായി കാണുന്നത്. പ്രായമാകുമ്ബോള്‍ ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്നതും ദാഹം തിരിച്ചറിയാനുള്ള കഴിവ് കുറയുന്നതും വൃക്കകളുടെ പ്രവർത്തനശേഷി കുറയുന്നതുമെല്ലാം ഇതിന് കാരണമാകുന്നു. ഇവയ്ക്ക് പുറമേ പ്രഷറിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കഴിക്കുന്ന ചില മരുന്നുകളുടെ പ്രവർത്തനവും കരള്‍ രോഗങ്ങള്‍ മൂലമുണ്ടായേക്കാവുന്ന അമിത നീരുകെട്ടല്‍ മുഖേനയും സോഡിയം അസന്തുലിതാവസ്ഥ കാണപ്പെടുന്നു.

Post a Comment

Previous Post Next Post