ആലക്കോട്: മത്സ്യത്തിനും മാംസത്തിനും പച്ചക്കറികള്‍ക്കും വില വർധിക്കുന്നത് മലയോരത്തെ കർഷകരായ സാധരണക്കാരുടെ ജീവിതം പ്രതിസന്ധിയായി മാറി.
കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ പല സാധനങ്ങള്‍ക്കും പ്രത്യേകിച്ച് പച്ചക്കറികള്‍ക്ക് 50 ശതമാനത്തിന് മുകളിലാണ് വില വർധനവ്. മഴക്കാലം ആരംഭിക്കുന്നതോടെ ഉത്പാദനം കുറയുമ്ബോള്‍ ഇനിയും വില വർധിക്കാനാണ് സാധ്യത.
രണ്ടുമാസം മുമ്ബ് വരെ 48 രൂപയുണ്ടായിരുന്ന പയറിന്‍റെ വില ഇപ്പോള്‍ 100ന് മുകളിലാണ്. 65 രൂപ വിലയുണ്ടായിരുന്ന ബീൻസിന് ഇപ്പോള്‍ 140ന് മുകളിലാണ് വില. മത്സ്യത്തിനും വില കുതിച്ച് കയറുകയാണ്. സാധാരക്കാർ കുടുതലായി ഉപയോഗിക്കുന്ന മത്തി ഉള്‍പ്പടെയുള്ള ചെറു മത്സ്യങ്ങള്‍ കിട്ടണമെങ്കില്‍ കുറഞ്ഞത് 220 രൂപയെങ്കിലും നല്‍കണം. ചിലപ്പോള്‍ അതിന് 260ന് മേല്‍ വില നല്‍കേണ്ട സ്ഥിതിയാണ്. അതോടെപ്പം ഇപ്പോള്‍ മലയോരത്ത് ലഭിക്കുന്ന മത്സ്യത്തിന്‍റെ പഴക്കത്തെപ്പറ്റിയും ഗുണനിലവാരത്തെപ്പറ്റിയും ആശങ്കയും ജനങ്ങള്‍ക്കുണ്ട്. ട്രോളിംഗ് ആരംഭിക്കുന്നതോടെ മത്സ്യത്തിന് വില ഇനിയും വർധിക്കുമെന്ന കാര്യത്തില്‍ തർക്കമില്ല.
പച്ചക്കറി-മത്സ്യ വിപണികള്‍ക്ക് പിന്നാലെ ഇറച്ചിക്കും വില കുതിച്ച് കയറുന്നതും സാധാരണക്കാരെ പ്രതിസന്ധിയിലാഴ്ത്തുകയാണ്. പന്നിയിറച്ചിക്ക് കിലോക്ക് 340-350 ആണ് വില. മൂന്ന് മാസം മുമ്ബ് വരെ 240 രൂപയായിരുന്നതാണ് ചുരുങ്ങിയ കാലം കൊണ്ട് ഈ വിലയിലെത്തിയത്. പന്നിയിറച്ചിയുള്‍പ്പെടെ എല്ലാ തരം മാംസങ്ങള്‍ക്കും കൃത്രിമ ക്ഷാമം സ്യഷ്ടിച്ചാണ് വില വർധനവ് നടപ്പിലാക്കുന്നത്. 330 മുതല്‍ 350 രൂപയായിരുന്ന പോത്തിന്‍റെ വില വർധിച്ച് 380-400 രൂപയിലെത്തി.
കോഴി വിലയും മാസങ്ങളായി കുതിച്ച് കയറിക്കൊണ്ടിരിക്കുകയാണ്. കിലോക്ക് 170 രൂപയാണ് കോഴിയുടെ വില. ഈസ്റ്റർ കാലത്ത് ആരംഭിച്ച വിലക്കയറ്റം ഇപ്പോഴും തുടരുകയാണ്. ഇതോടെ ഹോട്ടലുകളില്‍ നോണ്‍വെജ് വിഭവങ്ങള്‍ക്കും വില കുതിച്ച് കയറിയിരിക്കുകയാണ്. വില വർധനവ് നിയന്ത്രിക്കാൻ പഞ്ചായത്ത്തലത്തില്‍ സംവിധാനം ഒരുക്കണമെന്നാണ് ജനങ്ങള്‍ പറയുന്നത്.
Post a Comment