തിരുവനന്തപുരം: കെഎസ്‌ഇബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നല്‍കാമെന്നു വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ കരുതിയിരിക്കുക എന്ന മുന്നറിയിപ്പ് നല്‍കി കെഎസ്‌ഇബി.
കെഎസ്‌ഇബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തുന്ന വ്യാജ സംഘങ്ങള്‍ നവമാധ്യമങ്ങളില്‍ സജീവമാണെന്നും രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലിയെന്നും നിരവധി പേർ ഈ കെണിയില്‍ വീണുവെന്നും കെഎസ്‌ഇബി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരക്കാർ വ്യാജപ്രചാരണം നടത്തുന്നത്. സ്റ്റേറ്റ് ഹോള്‍ഡിംഗ്, ഇലക്‌ട്രിസിറ്റി കൗണ്‍സില്‍ ബോർഡ് തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവർ വ്യാജപരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ഇത്തരം നവമാധ്യമ പേജുകളില്‍ കെ എസ് ഇ ബി ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങാതെ ജാഗ്രത പാലിക്കണമെന്നും കെഎസ്‌ഇ ബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ്‌സി വഴിയും താത്കാലിക നിയമനം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയുമാണ് നടക്കുന്നതെന്നും കെഎസ്‌ഇബി അറിയിച്ചു.
Post a Comment