തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തില്‍ മാറ്റം. കേരളത്തില്‍ ഉഷ്ണ തരംഗ സാദ്ധ്യത വർദ്ധിച്ചതിനെ തുടർന്നാണ് മാറ്റം.
റേഷൻ കടകളുടെ പ്രവർത്തനം രാവിലെ എട്ട് മണിമുതല്‍ 11 മണിവരെയും വൈകുന്നേരം നാല് മണിമുതല്‍ എട്ട് മണിവരെയായിരിക്കും.
അതേസമയം, ഉഷ്ണതരംഗവും സൂര്യാഘാതവും മൂലം സംസ്ഥാനത്ത് മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ സർക്കാർ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ഈ മാസം ആറുവരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ രാവിലെ 11 മുതല്‍ മൂന്ന് വരെ ഒഴിവാക്കും. കലാകായിക മത്സരങ്ങളും പരിപാടികളും ഈ സമയത്ത് നടത്തരുത്. മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല.
പൊലീസ്, ഫയർഫോഴ്സ് ഉള്‍പ്പെടെ സേനാവിഭാഗങ്ങള്‍, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
ആസ്‌ബെസ്റ്റോസ്, ടിൻ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇത്തരം വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്ബുകളിലേക്ക് മാറ്റണം. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിർമ്മാണ, കർഷക, മത്സ്യത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാർ, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏർപ്പെടുന്നവരടക്കം ഇതിനനുസരിച്ച് ജോലിസമയം ക്രമീകരിക്കണം.
മാർക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടിത്ത സാദ്ധ്യതയുള്ള ഇടങ്ങളില്‍ ഫയർ ഓഡിറ്റ് നടത്തണം. സുരക്ഷ മുൻകരുതല്‍ സ്വീകരിക്കണം. ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് പെട്ടെന്ന് ചെയ്യണം.
Post a Comment