പുലര്‍ച്ചെ കുന്നിടിച്ച്‌ മണ്ണെടുക്കാൻ ശ്രമം; നാട്ടുകാര്‍ സംഘടിച്ച്‌ തടഞ്ഞു

ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പറക്കോട്-കൊട്ടക്കാനം റോഡില്‍ പറക്കോട് അങ്കണവാടിക്ക് സമീപം വലിയ തോതില്‍ കുന്നിടിച്ച്‌ മണ്ണെടുക്കുന്നത് നാട്ടുകാർ തടഞ്ഞു.
ഇന്നലെ പുലർച്ചെ രണ്ടോടെയാണ് കുന്നിടിച്ച്‌ 16 ടോറസ് ലോറികളിലായി മണ്ണ് നീക്കാൻ ശ്രമം നടത്തിയത്. ഇക്കാര്യം ശ്രദ്ധയില്‍പെട്ട നാട്ടുകാർ സംഘടിച്ച്‌ തടയുകയും റവന്യ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. 

കൂവേരി വില്ലേജ് അധികൃതരുടെ ഉത്തരവ് ലംഘിച്ചാണ് കുന്നിടിച്ചത്. ശനിയാഴ്ച വൈകുന്നേരം പ്രദേശത്ത് നിരവധി ടോറസ് വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്കും പോലീസിനും പരാതി നല്‍കിയിരുന്നു. ഇതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി കുന്നിടിച്ച്‌ മണ്ണെടുക്കരുതെന്ന് നിർദേശം നല്‍കുകയും ചെയ്തിരുന്നു. തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കൂവേരി വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച്‌ പ്രദേശത്തിന്‍റെ സ്കെച്ചും തയാറാക്കിയിരുന്നു. ഇതിന് ശേഷമാണ് ഇന്നലെ പുലർച്ചെ കുന്നിടിക്കാൻ ശ്രമം നടത്തിയത്. നിലവില്‍ നടന്ന നിയമലംഘനത്തിന്‍റെ റിപ്പോർട്ട് തയാറാക്കി തഹസില്‍ദാർ, ജിയോളജി വകുപ്പ് എന്നിവർക്ക് കൈമാറുമെന്ന് വില്ലേജ് ഓഫീസർ കെ.സജീവൻ പറഞ്ഞു. 

നേരത്തെയും കുന്നിടിച്ച്‌ മണ്ണെടുക്കാനുള്ള ശ്രമം നടന്നിരുന്നു. ഇതേ തുടർന്ന് ജനുവരി 24ന് കൂവേരി വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. അതിനു മുന്പ് കുന്നിടിച്ച്‌ ദിനംപ്രതി നൂറുകണക്കിന് ലോഡ് മണല്‍ ഇവിടെ നിന്നും കടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. 

ജിയോളജി വകുപ്പിന്‍റെ അനുമതി ഉണ്ടെന്നു പറഞ്ഞായിരുന്നു വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ കുന്നിടിച്ചത്. എന്നാല്‍ വില്ലേജ് അധികൃതർ നടത്തിയ പരിശോധനയില്‍ മണ്ണെടുപ്പ് അനധികൃതമാണെന്ന് കണ്ടെത്തി. ഇതിനു ശേഷം മണ്ണുകടത്ത് നിർത്തിയെങ്കിലും കുന്നിടിക്കല്‍ തുടർന്നു. ഒരു കുന്ന് മുഴുവൻ ഇടിച്ച ശേഷമാണ് ഇപ്പോള്‍ മണ്ണുകടത്തും തുടങ്ങിയത്. രണ്ടു വർഷം മുന്പ് ചപ്പാരപ്പടവ് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുന്നിടിക്കലും മണ്ണുകടത്തും വ്യാപകമായിരുന്നു. കുന്നുകള്‍ പലതും അപ്രത്യക്ഷമാകുകയും ചെയ്തു. ദേശീയ പാത നിർമാണത്തിനെന്നു പറഞ്ഞാണ് കുന്നിടിക്കുന്നത്. എന്നാല്‍, മണ്ണു വില്പനയും ഇതിന്‍റെ മറവില്‍ നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുന്നിടിക്കല്‍ കുപ്പം പുഴയുടെ ഭാഗമായ ചപ്പാരപ്പടവ് പുഴയ്ക്കും ഭീഷണിയായി മാറിയിട്ടുണ്ട്.

Post a Comment

Previous Post Next Post