മലയോര മേഖലയില്‍ പെയ്ത വേനല്‍ മഴയില്‍ കനത്ത നാശം


ശ്രീകണ്ഠപുരം: മലയോര മേഖലയില്‍ പെയ്ത വേനല്‍ മഴയില്‍ കനത്ത നാശം. ഏരുവേശി, പയ്യാവൂർ, നടുവില്‍, പടിയൂർ, ഇരിക്കൂർ, മലപ്പട്ടം, മയ്യില്‍ ചെങ്ങളായി, ഉദയഗിരി പഞ്ചായത്തുകളില്‍ കനത്ത മഴയാണ് ലഭിച്ചത്.
പഞ്ചായത്തുകള്‍ നേരത്തെ ജാഗ്രതാ നിർദ്ദേശം നല്‍കിയിരുന്നു.
മഴയിലും കാറ്റില്‍ ഏക്കറുക്കണക്കിന് റബർകൃഷിയാണ് നശിച്ചത്. കൂട്ടുമുഖം, ഐച്ചേരി, ചുണ്ടക്കുന്ന്, പന്ന്യാല്‍ ഭാഗങ്ങളില്‍ മരക്കൊമ്ബുകള്‍ പൊട്ടിവീണു. കൂട്ടുമുഖം സിഎച്ച്‌സിക്ക് മുമ്ബിലെ മരവും പൊട്ടിവീണു. റോഡിലെ മണ്ണൊലിച്ച്‌ പലയിടത്തും ഗതാഗതം താറുമാറായി. പയ്യാവൂർ പാലയാട് പാട്ടത്തില്‍ തങ്കന്‍റെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി നാശം സംഭവിച്ചു. 

ശ്രീകണ്ഠപുരം-ചെമ്ബന്തൊട്ടി-നടുവില്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ യാത്ര ദുസഹമായി. മരങ്ങള്‍ പലയിടത്തും കടപുഴകി വീണു. ശ്രീകണ്ഠപുരം ടൗണില്‍ മഴവെള്ളം കുത്തിയൊലിച്ച്‌ കടകളിലും വെള്ളം കയറി. നവീകരിച്ച ഓവുചാല്‍ അശാസ്ത്രീയമെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി. 

കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ വേനല്‍ മഴയിലാണ് വ്യാപക നാശമുണ്ടായത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. മലപ്പട്ടത്ത് പലയിടത്തും മതിലിടിഞ്ഞു. 

നടുവില്‍-പുലിക്കുരുമ്ബ ഭാഗങ്ങളില്‍ കാറ്റില്‍ മരക്കൊമ്ബുകള്‍ പൊട്ടിവീണു. ചെങ്ങളായി ഉള്‍പ്പെടെ പലയിടത്തും ചില ഭാഗങ്ങളില്‍ വൈദ്യുത ബന്ധം താറുമാറായി. കർണാടക വനത്തില്‍ ശക്തമായ മഴയാണ് ലഭിച്ചത്.

Post a Comment

Previous Post Next Post