കനത്തമഴ തുടരുന്നു: കോട്ടയത്ത് ഉരുള്‍പൊട്ടല്‍; വന്‍ നാശനഷ്ടം

കോട്ടയം: കോട്ടയത്ത് കനത്തമഴയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. ഭരണങ്ങാനം വില്ലേജില്‍ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്.

പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ തകർന്നു. ആളപായമില്ലെന്നാണ് റിപ്പോർട്ട്.

കോട്ടയത്ത് വിവിധ മേഖലകളില്‍ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മീനച്ചില്‍ താലൂക്കിലെ മലയോരമേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകർന്നു. ഇവിടെ മണ്ണിനടിയില്‍പ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്.

ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലും മലയോരമേഖലയിലും ശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴ കണക്കിലെടുത്ത് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ മലയോരമേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഗമണ്‍ റോഡിലെ രാത്രിയാത്രയ്‌ക്കും നിരോധനം ഉണ്ട്. മിനച്ചിലാറിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

കനത്തമഴ ലഭിച്ച കൊച്ചിയിലും കോട്ടയത്തും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post