വയനാട്: കാട്ടാന തെങ്ങ് നശിപ്പിക്കുന്നത് തടയാൻ തെങ്ങിന് ചുറ്റും മുള്ളുവേലി കെട്ടി വയനാട്ടിലെ ഒരു കർഷകൻ. വയനാട് സുല്‍ത്താൻ ബത്തേരി വടക്കനാട് അപ്പുക്കുട്ടനാണ് പുരയിടത്തിലെ തെങ്ങിന് ചുറ്റും ഏഴടി പൊക്കത്തില്‍ മുള്ളുവേലി കെട്ടിയത്.
കാട്ടാന കൃഷിഭൂമിയിലെത്തി തെങ്ങുകള്‍ നശിപ്പിക്കുന്നത് സ്ഥിരമായതോടെയാണ് അപ്പുക്കുട്ടൻ പുതിയ പരീക്ഷണം നടത്തിയത്.
രണ്ടേക്കർ കൃഷി ഭൂമിയാണ് അപ്പുക്കുട്ടനുള്ളത് ഇതില്‍ 85 തെങ്ങുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ചാറ് വർഷംകൊണ്ട് ഇതില്‍ 50 തെങ്ങുകള്‍ ആന കുത്തി മറിച്ച് നശിപ്പിച്ചു. ബാക്കിയുള്ള 35 തെങ്ങെങ്കിലും സംരക്ഷിക്കാൻ എന്താണ് വഴി എന്ന ആലോചനയിലാണ് മുള്ളുവേലി എന്ന ആശയം തോന്നിയത്. രാത്രി പത്തുമണിയോടെ കാട്ടാന വീടിന്റെ പരിസരത്തെത്തുന്നത് പതിവാണെന്ന് അപ്പുക്കുട്ടൻ പറയുന്നു.
ആനയുടെ കുത്തേറ്റ് തെങ്ങ് നശിക്കാതിരിക്കാനും തെങ്ങ് വീണ് വീടിന് കേടുപാടുകള്‍ ഉണ്ടാവാതിരിക്കാനുമാണ് ഇങ്ങനെ ഒരു മാർഗം പരീക്ഷിച്ചതെന്ന് അപ്പുക്കുട്ടൻ പറയുന്നു. ആദ്യ പടിയായി വീടിന് ചുറ്റുമുള്ള 12 തെങ്ങിനാണ് മുള്ളുവേലി കെട്ടിയത്. മുള്ളുവേലി കെട്ടിയിട്ട് ഇപ്പോള്‍ ഒന്നര ആഴ്ചയായി. അതിനുശേഷവും ആനക്കൂട്ടം വന്നെങ്കിലും തെങ്ങ് നശിപ്പിച്ചിട്ടില്ലെന്നാണ് അപ്പുക്കുട്ടൻ പറയുന്നത്.
ആണിയും മുള്ളും കൊള്ളുമ്ബോള്‍ ആന തിരിഞ്ഞ് പോകുന്നതാവാം കാരണമെന്നാണ് അപ്പുക്കുട്ടന്റെ നിഗമനം. കുറച്ചുദിവസം കൂടി നിരീക്ഷിച്ച ശേഷം ബാക്കി തെങ്ങിനുംകൂടി മുള്ളുവേലി കെട്ടാനാണ് അപ്പുക്കുട്ടന്റെ തീരുമാനം. ഏഴടി പൊക്കത്തില്‍ വേലി കെട്ടാൻ തെങ്ങൊന്നിന് അഞ്ചുകിലോ കമ്ബിയെങ്കിലും വേണം. 800 രൂപയോളം കമ്ബിയ്ക്ക് ചെലവായി. സഹായത്തിന് ഒരു പണിക്കാരനെ കൂടി കൂട്ടിയാണ് തെങ്ങില്‍ മുള്ളുവേലി ചുറ്റിയത്.
ഏഴടി പൊക്കത്തില്‍ വേലി കെട്ടിയതിനാല്‍ ഇനി എട്ടടി പൊക്കമുള്ള ഏണി വെച്ച് വേണം തെങ്ങില്‍ കയറി തേങ്ങയിടാൻ. നിലവിലെ പരീക്ഷണം വിജയിച്ചാല്‍ തെങ്ങില്‍ കയറാനുള്ള ആവശ്യത്തിന് എടുത്തുമാറ്റാൻ പറ്റുന്ന രീതിയില്‍ രണ്ട് സെന്റിമീറ്റർ സർക്കിള്‍ മുള്ളുവേലി ഉപയോഗിച്ച് കൂട്ടി കെട്ടുന്നതിനെ കുറിച്ചും അപ്പുക്കുട്ടൻ ആലോചിക്കുന്നുണ്ട്.
Post a Comment