കാലവര്‍ഷം ഇന്നെത്തിയേക്കും; സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്.


ജൂണ്‍ 2 വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനഫലമായാണ് നിലവിലെ മഴ. അടുത്ത ആറ് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തെക്കൻ കേരള തീരത്ത് നിന്നും ലക്ഷദ്വീപ് തീരത്തു നിന്നും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇന്നലെ പെയ്ത മഴയില്‍ തിരുവനന്തപുരത്തിന്റെ പലയിടങ്ങളും വെള്ളത്തില്‍ മുങ്ങി. ചാല, പഴവങ്ങാടി, വട്ടിയൂർക്കാവ് പ്രദേശങ്ങളില്‍ കയറിയ വെള്ളം ജനജീവിതത്തെ സാരമായി ബാധിച്ചു. വീടുകളിലടക്കം വെള്ളം കയറിയതോടെ നിരവധി ആളുകളെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി.

മഴ കനത്തതോടെ എറണാകുളത്ത് വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. കളമശ്ശേരി, തൃക്കാക്കര, കാക്കനാട് എന്നിവിടങ്ങളില്‍ നിരവധി പേരെ മാറ്റി പാർപ്പിച്ചു. അടിയന്തര സാഹചര്യത്തില്‍ ജില്ലാകളക്ടർ വില്ലേജ് ഓഫീസർമാരുടെയും തഹസില്‍ദാർമാരുടെയും യോഗം വിളിച്ചു.

Post a Comment

Previous Post Next Post