വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കൽ: ഇന്ന് മുതൽ


കണ്ണൂർ:ലോക്‌സഭ തിരഞ്ഞെടുപ്പ് ഭാഗമായി കണ്ണൂർ മണ്ഡലത്തിൽ ഭിന്നശേഷിക്കാരെയും 85 വയസ്സ് കഴിഞ്ഞവരെയും വീട്ടിൽ എത്തി വോട്ട് ചെയ്യിപ്പിക്കുന്ന പ്രവർത്തനം ഏപ്രിൽ 15-ന് ആരംഭിക്കും.

ഏപ്രിൽ 20 വരെയാണ് സൗകര്യം. കണ്ണൂർ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലായി 10960 പേരാണ് 85+, ഭിന്നശേഷിക്കാർ വിഭാഗങ്ങളിൽ പോസ്റ്റൽ ബാലറ്റിന് അർഹരായിക്കുന്നത്. ഇതിനായി ആകെ 149 ടീമുകളെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

ഒരു ടീമിൽ 2 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, 1 വീഡിയോഗ്രാഫർ, പോലീസ്, സൂക്ഷ്മ നിരീക്ഷകൻ എന്നിവർ ഉണ്ടാകും. സ്ഥാനാർഥി പ്രതിനിധികൾക്കും ഇവർക്കൊപ്പം പോകാം.

വോട്ടറെ ഫോണിലൂടെയോ ബി എൽ ഒമാർ വഴിയോ സന്ദർശിക്കുന്ന ദിവസവും ഏകദേശ സമയവും അറിയിക്കും. വോട്ട് ചെയ്യിപ്പിച്ചതിന് ശേഷം അന്ന് വൈകിട്ട് തന്നെ പോസ്റ്റൽ ബാലറ്റുകൾ ഉപ വരണാധികാരിക്ക് കൈമാറുകയും സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുകയും ചെയ്യും.

ആദ്യ ദിവസം വോട്ടർ വീട്ടിലില്ലെങ്കിൽ രണ്ടാമതും ടീം വേറൊരു ദിവസം ആ വോട്ടറുടെ വീട്ടിൽ വരികയും വോട്ടു ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും. രണ്ടാമത്തെ സന്ദർശനത്തിൻ്റെ തീയതി ആദ്യ സദർശന വേളയിൽ തന്നെ വോട്ടറുടെ വീട്ടുകാരെ അറിയിക്കും.

രണ്ടാമത്തെ സന്ദർശന വേളയിലും വോട്ടർ വീട്ടിലില്ലെങ്കിൽ പിന്നെ ഒരു അവസരം നൽകുന്നതല്ല. അന്ധത കൊണ്ടോ ശാരീരിക അവശതകൾ കൊണ്ടോ സ്വയം വോട്ട് ചെയ്യുവാൻ സാധിക്കുന്നില്ലെങ്കിൽ വോട്ടർക്ക് സഹായിയെ വെക്കാം. അതിനുള്ള അപേക്ഷ വന്നിരിക്കുന്ന ടീമിന് സമർപ്പിച്ചാൽ മതി. സഹായിക്ക് 18 വയസ് പൂർത്തിയാകണം.

കണ്ണൂർ മണ്ഡലത്തിൽ ആകെ 8457 പേരാണ് 85 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാരുടെ വിഭാഗത്തിലേക്ക് പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി അപേക്ഷിച്ചത്. രേഖകൾ പരിശോധിച്ചതിന് ശേഷം 8434 പേർ ഈ വിഭാഗത്തിൽ അർഹരാണ് എന്ന് കണ്ടെത്തി. ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ 3948 പേരാണ് അപേക്ഷിച്ചത്. ഇതിൽ 2526 പേർ രേഖകൾ പരിശോധിച്ചതിന് ശേഷം അർഹരാണെന്ന് കണ്ടെത്തി.

Post a Comment

Previous Post Next Post