കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും കോടതിയില്‍ തിരിച്ചടി. ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതക്ക് നല്‍കരുതെന്ന ഹർജി ഹൈക്കോടതി തള്ളി.
ഉത്തരവില്‍ ഇടപെടാൻ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് നടപടി. മൊഴിപകർപ്പ് നല്‍കരുതെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴികളെക്കുറിച്ച് അറിയാൻ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു അതിജീവിത കോടതിയെ അറിയിച്ചത്.
എന്നാല്‍ തീർപ്പാക്കിയ ഒരു ഹർജിയില്‍ പുതിയ ആവശ്യം പരിഗണിച്ച് ഉത്തരവിടുന്നത് നിയമലംഘനമെന്നായിരുന്നു ദീലീപിന്‍റെ വാദം. വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി പകർപ്പ് അതിജീവിതക്ക് നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ദിലീപിന്‍റെ അപ്പീല്‍.
തീർപ്പാക്കിയ ഹർജിയില്‍ പുതിയ ആവശ്യങ്ങള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു.
അതിജീവിതയ്ക്ക് മൊഴിപ്പകർപ്പ് നല്‍കണമെന്ന ഉത്തരവില്‍ സിംഗിള്‍ ബെഞ്ച് തന്‍റെ എതിർപ്പ് രേഖപ്പെടുത്തിയില്ലെന്നും ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും മൊഴി നല്‍കേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്ന് അതിജീവിത കോടതിയില്‍ മറുപടി നല്‍കി.
വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴികള്‍ അറിയാൻ ഹർജിക്കാരി എന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത വ്യക്തമാക്കി. ജസ്റ്റിസുമാരായ എം നഗരേഷ്, പി എം മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

Post a Comment