വീട് മുഴുവൻ മഞ്ഞപ്പൂക്കൾ


ചെറുപുഴ: വീട് മുഴുവൻ മഞ്ഞപ്പൂക്കളാല്‍ മൂടിക്കിടക്കുന്നു. തിരുമേനി കോക്കടവിലെ ഇടക്കര ജോമോന്‍റെ വീടാണ് അതിമനോഹരമായി പൂക്കളാല്‍ മൂടിക്കിടക്കുന്നത്.
10 വർഷം മുന്പ് ചെറുപുഴയിലെ കാർഷിക നഴ്സറിയില്‍നിന്നും വാങ്ങിയ ക്യാറ്റ് ക്ലോ എന്ന ചെടിയാണ് വളർന്ന് വീടിനു മുകളില്‍ പടർന്ന് പൂത്തുലഞ്ഞു നില്‍ക്കുന്നത്. ഇലകള്‍ കാണാത്ത വിധം പൂക്കള്‍ നിറഞ്ഞു കിടക്കുന്നത് മനോഹരമായ കാഴ്ചയാണ്. ചെറിയ സുഗന്ധമുള്ള പൂക്കളില്‍ നിറയെ തേനീച്ചകള്‍ എത്തുന്നു. വണ്ടുകളും ചിത്രശലഭങ്ങളും തേൻ നുകരാൻ എത്തുന്നുണ്ട്. 

സാധാരണ വിഷുവിനോടടുത്താണ് പൂക്കള്‍ നിറയാറുള്ളതെന്നും എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കാരണം വിഷുവിന്‍റെ വരവറിയിച്ച്‌ നേരത്തെ പൂവിടുകയാണെന്നും ജോമോൻ പറഞ്ഞു. മൂന്നു ദിവസം പൂക്കള്‍ നില്‍ക്കും. മഴ പെയ്താല്‍ വേഗത്തില്‍ കൊഴിഞ്ഞു പോകും. നല്ല വെയിലുണ്ടെങ്കില്‍ നാലു ദിവസം വരെ പൂക്കള്‍ നില്‍ക്കും. എത്ര ചൂടാണെങ്കിലും വീടിനുള്ളില്‍ നല്ല കുളിർമയാണെന്നും ജോമോൻ പറഞ്ഞു. പൂക്കള്‍ കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി ധാരാളം പേർ ഇവിടെയെത്തുന്നുണ്ട്.

Post a Comment

Previous Post Next Post