ചെറുപുഴ: മുളപ്ര റോഡിനടുത്ത് പെരുങ്കുടല്‍ ഭാഗത്ത് റബർ മുറിച്ച തോട്ടത്തില്‍ തീപടർന്ന് അഞ്ച് ഏക്കറോളം കത്തിനശിച്ചു.
ഇന്നലെ രാവിലെ പത്തിനാണ് തീപിടിത്തമുണ്ടായത്.
പെരിങ്ങോത്ത് നിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ആപത് മിത്രയിലെ ഡിഫൻസ് വോളണ്ടിയർമാരും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണു തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശത്തെ കക്കുഴിയില്‍ മാത്യു, വിനു, രാരിച്ചൻ എന്നിവരുടെ സ്ഥലത്താണു തീപ്പിടിച്ചത്. കുന്നിൻ പ്രദേശത്തേക്ക് റോഡ് സൗകര്യം കുറവായതിനാല്‍ തീ കെടുത്തുന്നതിന് താമസം നേരിട്ടു. റബർ മരം മുറിച്ച സ്ഥലത്ത് വെട്ടിയിട്ട വിറകിനും പുല്ലിനും കാടിനും തീ പടരുകയായിരുന്നു. വാഹന സൗകര്യം ഇല്ലാത്തതിനാല്‍ സേനാംഗങ്ങള്‍ ഫയർ ബീറ്റ് ഉപയോഗിച്ചാണു തീ കെടുത്തിയത്.
രക്ഷാപ്രവർത്തനത്തിന് പെരിങ്ങോം അഗ്നിരക്ഷാ ഓഫീസർ പി. അശോകൻ നേതൃത്വം നല്‍കി. ആപത് മിത്ര വോളണ്ടിയർമാരായ നിധീഷ് പ്രാപ്പൊയില്‍, ആരുണ്‍ ആലയില്‍, റോബിൻ ആന്‍റണി എന്നിവരും ഓട്ടോ- ടാക്സി തൊഴിലാളികളും നാട്ടുകാരും നേതൃത്വം നല്‍കി.
Post a Comment