ഉയർന്ന ടിക്കറ്റ് നിരക്കും സർവീസ് കുറവും: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ കുറഞ്ഞു

മട്ടന്നൂർ: വേനൽ അവധിയും പെരുന്നാളും വിഷുവും ഒന്നിച്ചെത്തിയ സമയത്ത് വിമാനയാത്ര ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർ കുറഞ്ഞു.

കുടുംബസമേതം നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ടിക്കറ്റ് നിരക്ക് കുതിച്ച് ഉയർന്നത് തിരിച്ചടി ആയിരുന്നു.

ചില സെക്ടറിൽ മൂന്ന് ഇരട്ടിയോളമാണ് കൂടിയത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 95,888 പേരാണ് മാർച്ചിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്.

2023 മാർച്ചിൽ 1,14,292 പേർ കണ്ണൂർ വഴി യാത്ര ചെയ്തു. 18,404 പേരുടെ കുറവ്. മാ‍ർച്ചിൽ ജിദ്ദയിൽ നിന്ന് കണ്ണൂരിൽ എത്താൻ 60500 രൂപ മുടക്കേണ്ടി വന്നിരുന്നു. ഈ മാസവും നിരക്കിൽ വലിയ കുറവ് ഇല്ല.

ഏപ്രിൽ 2ന് 55,000 രൂപയും 10ന് 50,000 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. റിയാദ്, കുവൈത്ത് സെക്ടറിലും നിരക്ക് കൂടി. 

ഇൻഡിഗോ കണ്ണൂർ-മുംബൈ സർവീസ് ആഴ്ചയിൽ 4 ദിവസമായി കുറച്ചതോടെ മാസം 4,000ത്തോളം യാത്രക്കാരുടെ കുറവ് ആഭ്യന്തര സെക്ടറിലും ഉണ്ട്. മേയിൽ എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസ് തുടങ്ങുന്നതോടെ യാത്രക്കാർ കൂടുമെന്നാണ് പ്രതീക്ഷ. 


Post a Comment

Previous Post Next Post