തിരുവനന്തപുരം: കണ്‍സ്യൂമർഫെഡിന്‍റെ വിഷു ചന്തകള്‍ ഇന്നുമുതല്‍ പ്രവർത്തനം തുടങ്ങും. സംസ്ഥാനത്താകെയുള്ള 300 ഔട്ട്ലെറ്റുകളില്‍ ആണ് വിഷു ചന്ത പ്രവർത്തിക്കുക.
13 ഇന സാധനങ്ങള്‍ കണ്‍സ്യൂമർഫെഡില്‍നിന്ന് വാങ്ങാം.
ഇന്നുമുതല്‍ വിഷു കഴിഞ്ഞുള്ള ഒരാഴ്ച കൂടി കണ്‍സ്യൂമർഫെഡില്‍ ചന്ത പ്രവർത്തിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ കണ്‍സ്യൂമർ ഫെഡുകളിലേക്ക് എല്ലാ സാധനങ്ങളും എത്തിച്ചിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടി ആയിരിക്കും കണ്‍സ്യൂമർഫെഡിന്‍റെ പ്രവർത്തനം.
റമദാൻ- വിഷു ചന്തകള്‍ തുടങ്ങാൻ കണ്‍സ്യൂമർഫെഡിന് ഹൈക്കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി പരിഷ്കരിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രചാരണവും പാടില്ല.
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, റമദാൻ- വിഷു ചന്തകള്‍ക്ക് അനുമതി നിഷേധിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ എങ്ങനെ കുറ്റം പറയുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ചന്ത തുടങ്ങാൻ തീരുമാനിച്ച സമയമാണ് അസ്വസ്ഥപ്പെടുത്തുന്നത്. ഒരു മനുഷ്യന്റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കുന്നതിനെയാണ് കോടതി ചോദ്യം ചെയ്യുന്നതെന്നും 13 സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ നല്‍കുന്നു എന്ന് വാഗ്ദാനം നല്‍കി സർക്കാർ പ്രചാരവേല നടത്തുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദ്യം ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Post a Comment