ആലക്കോട്: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഉദയഗിരി പഞ്ചായത്തിലെ നിരവധി കുടുംബങ്ങളിലെ നൂറുകണക്കിന് പന്നികളെ കൊന്നൊടുക്കി ഒരു വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭ്യമാകാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണ് പന്നിക്കർഷകർ.
നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്ന് കർഷകരുടെ നേതൃത്വത്തില്‍ മൂന്നുമാസം മുമ്ബ് ശക്തമായ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ സർക്കാർ ഇടപെടുകയും ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കാൻ നടപടി സ്വീകരിക്കാമെന്ന് കർഷകർക്ക് സർക്കാർ ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെയും യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.
പന്നികളെ കൊന്നൊടുക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് ചെലവായ തുക സർക്കാർ നല്‍കിയപ്പോള്‍ പന്നി കർഷകരോട് മാത്രം സർക്കാർ അവഗണന തുടരുകയാണെന്ന് കർഷകർ ആരോപിക്കുന്നു. ലഭിക്കാനുള്ള നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയഗിരി പഞ്ചായത്തുമായി ബന്ധപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിയാതെ യാതൊന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് പഞ്ചായത്ത് അറിയിച്ചത്.
ബാങ്കുകളില്‍ നിന്നും പന്നിക്കൃഷിക്ക് വേണ്ടി ലക്ഷങ്ങള്‍ ലോണെടുത്ത് കുടിശികയായ കർഷകരെ പന്നിക്കൃഷിക്ക് സഹായം ഉടൻ നല്‍കുമെന്ന് സർക്കാർ പ്രഖ്യാപനം വന്നത് മുതല്‍ വിവിധ ബാങ്കുകള്‍ ലോണ്‍ കുടിശിക തിരിച്ചടയ്ക്കാത്തതിന്‍റെ പേരില്‍ പീഡിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു.
ഇനിയൊരു അറിയിപ്പ് കൂടാതെ ജപ്തി നടപടിയിലേക്ക് കടക്കും എന്നാണ് കർഷകരെ അറിയിച്ചിട്ടുള്ളത്. മുമ്ബോട്ടുള്ള ജീവിതം കൂട്ടിമുട്ടിക്കാൻ സാധിക്കാതെ ദുരിതത്തിലായ തങ്ങള്‍ക്ക് തങ്ങളുടെ അവസ്ഥ അധികാരികളുടെ മുമ്ബില്‍ എത്തിക്കാൻ മറ്റു മാർഗം ഇല്ലാത്തതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് തങ്ങള്‍ കടക്കുന്നതെന്ന് ഉദയഗിരിയിലെ പന്നി കർഷകർ പറയുന്നത്.
Post a Comment